ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമെന്ന് സഹമന്ത്രി; താക്കീതുമായി അമിത്ഷാ

0
190

ഡൽഹി(www.mediavisionnews.in): കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ സഹമന്ത്രിയെ ശാസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദിനെക്കുറിച്ച് സഹമന്ത്രി കിഷന്‍ റെഡ്ഡി നടത്തിയ വിവാദപരാമര്‍ശമാണ് അമിത് ഷായുടെ അനിഷ്ടത്തിന് ഇടയാക്കിയത്. അതിനിടെ, കേന്ദ്രമന്ത്രിസഭയില്‍ ബംഗാളിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തുവന്നു.

ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമാവുകയാണെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ വേരുകള്‍ ഹൈദരാബാദിലേയ്ക്ക് നീളുന്നുവെന്നുമാണ് കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശം. ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഹൈദരാബാദില്‍ തങ്ങുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തെലങ്കാനയിലെ സെക്കന്ദ്രാബാദില്‍ നിന്നുള്ള എം.പി കൂടിയായ കിഷന്‍ റെഡ്ഡി പറഞ്ഞിരുന്നു.

മുസ്‍ലിം വിഭാഗത്തെ ലക്ഷ്യമിട്ടാണ് പരാമര്‍ശമെന്നും ഹൈദരാബാദ് ഭീകരരുടെ സുരക്ഷിതതാവളമാണെന്ന വാദത്തിന് തെളിവുണ്ടോയെന്നും ഹൈദരാബാദ് എം.പി അസദുദീന്‍ ഒവൈസി പ്രതികരിച്ചു. വിവാദം കത്തിയതോടെയാണ് അമിത് ഷായുടെ ഇടപെടല്‍. രാവിലെ കിഷന്‍ റെഡ്ഡിക്കും മറ്റൊരു സഹമന്ത്രിയായ നിത്യാനന്ദ റായ്ക്കുമൊപ്പം അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റിരുന്നു. ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരുമായി അമിത് ഷാ ചര്‍ച്ച നടത്തി. കൂടുതല്‍ മന്ത്രിമാര്‍ ഇന്ന് ചുമതലയേറ്റു.

ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് രാജ്നാഥ് സിങ് പ്രതിരോധമന്ത്രിയായ ചുമതലയേറ്റെടുത്തത്. അമിത് ഷായും ധനമന്ത്രി നിര്‍മല സീതാരാമനും രാവിലെ രാജ്നാഥ് സിങ്ങിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി കണ്ടിരുന്നു. മുന്‍ഗാമിയായ സുഷമ സ്വരാജിന്‍റെ പാത പിന്തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. അതിനിടെ ബംഗാളില്‍ ബിജെപി ഇത്തവണ വന്‍നേട്ടമുണ്ടാക്കിയിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ദേശീയ നേതൃത്വത്തെ അറിയിച്ചു. രണ്ട് സഹമന്ത്രിസ്ഥാനമാണ് ഇത്തവണ ബംഗാളിന് കിട്ടിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here