ജെറുസലേം(www.mediavisionnews.in) : മസ്ജിദുല്‍ അഖ്‌സയിലേക്കു പ്രാര്‍ഥനയ്ക്കു വരികയായിരുന്ന ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം വെടിവച്ച് കൊന്നു. വെടിവയ്പില്‍ ഒരു യുവാവിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ കിഴക്കന്‍ ബെത്‌ലഹേമിലെ ദാര്‍ സലാഹ് വില്ലേജിലാണ് സംഭവം. വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് രാവിലെ തന്നെ പ്രാര്‍ഥനകള്‍ക്കായി മസ്ജിദുല്‍ അഖ്‌സയിലേക്കു വരുന്നതിനിടെ മസ്മൂരിയ ചെക്‌പോയിന്റിലുണ്ടായിരുന്ന ഇസ്രായേല്‍ സൈന്യം ഫല്‌സ്തീനികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഞെഞ്ചില്‍ വെടിയേറ്റ അബ്ദുല്ല ഗെയ്തി(15)നെ സമീപത്തെ അല്‍ ഹുസയ്ന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ അല്‍ഖലീലിലെ അല്‍ ഫവ്വാര്‍ അഭയാര്‍ഥി ക്യാംപിലെ മുഅ്മിന്‍ അബു തബീഷി(21)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനയ്ക്കു വരികയായിരുന്ന ആയിരക്കണക്കിനു വിശ്വാസികളെയാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം വെസ്റ്റ് ബാങ്കിലും മറ്റുമായി തടഞ്ഞത്. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ പതിവിലും ഏറെ വിശ്വാസികളാണ് അഖ്‌സയിലേക്കു വന്നിരുന്നതെന്ന് ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപോര്‍ട്ട് ചെയ്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.