ദേശീയപാർട്ടി പദവി: സി.പി.ഐ. അടക്കം നാലുപാർട്ടികൾ ആശങ്കയിൽ

0
200

ന്യൂഡൽഹി(www.mediavisionnews.in): തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട നാലുപാർട്ടികൾ ദേശീയപാർട്ടി പദവി നഷ്ടപ്പെടുമെന്ന ആശങ്കയിൽ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പുകമ്മിഷന്റെ പരിശോധന നിർണായകമാവും. സി.പി.ഐ., ബി.എസ്.പി., എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് വെല്ലുവിളി. അതേസമയം, നിലവിലെ വ്യവസ്ഥകളിൽ സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാവില്ല.

നേരത്തേ ഓരോ തിരഞ്ഞെടുപ്പിലെയും പ്രകടനം വിലയിരുത്തിയായിരുന്നു ദേശീയപാർട്ടി പദവിയുടെ പുനർനിർണയം. എന്നാൽ, 2016-ൽ രണ്ടു തിരഞ്ഞെടുപ്പുകളുടെ കാലാവധി എന്ന്‌ നിശ്ചയിച്ചിരുന്നു. ഒന്നുകിൽ ഒരു പൊതുതിരഞ്ഞെടുപ്പോ ഒരു നിയമസഭാ തിരഞ്ഞെടുപ്പോ അല്ലെങ്കിൽ രണ്ടു പൊതുതിരഞ്ഞെടുപ്പുകൾ, അതുമല്ലെങ്കിൽ രണ്ടു നിയമസഭാതിരഞ്ഞെടുപ്പുകൾ എന്നിവയിലെ പ്രകടനം വിലയിരുത്തുമെന്നായിരുന്നു തീരുമാനം. 2014-ലെ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രാദേശികപാർട്ടിക്കോ ദേശീയപാർട്ടിക്കോ ദേശീയപദവി നൽകിയിട്ടുണ്ടെങ്കിൽ ഇത്തവണ അവർ പരിശോധനയ്ക്ക്‌ ഹാജരാവേണ്ടതില്ലെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

സി.പി.ഐ., എൻ.സി.പി., ബി.എസ്.പി., ടി.എം.സി. എന്നീ പാർട്ടികൾ ഒരുതിരഞ്ഞെടുപ്പുകൂടി കഴിഞ്ഞാൽ കമ്മിഷനുമുമ്പാകെ ഹാജരായി പുനഃപരിശോധനയ്ക്ക്‌ വിധേയമാവേണ്ടിവരും. ഈവർഷം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് എൻ.സി.പി.യുടെ ഭാവി നിശ്ചയിക്കും. ബി.എസ്.പി.ക്ക് 2022-ലെ യു.പി. നിയമസഭാ തിരഞ്ഞെടുപ്പുഫലവും സി.പി.ഐ.യ്ക്കും തൃണമൂലിനും 2021-ലെ ബംഗാൾ തിരഞ്ഞെടുപ്പുഫലവും നിർണായകമാവും. അതേസമയം, 2016-ലെ വ്യവസ്ഥ മാറ്റാനാണ് തിരഞ്ഞെടുപ്പുകമ്മിഷൻ നിശ്ചയിക്കുന്നതെങ്കിൽ നാലുപാർട്ടികളുടെയും ദേശീയപദവി നഷ്ടമാവും.

പൊതുതിരഞ്ഞെടുപ്പിനുമുമ്പായി മാർച്ചിൽ തിരഞ്ഞെടുപ്പുകമ്മിഷൻ പുറത്തിറക്കിയ പട്ടികയനുസരിച്ച് ബി.ജെ.പി., കോൺഗ്രസ്, സി.പി.എം., സി.പി.ഐ., തൃണമൂൽ കോൺഗ്രസ്, എൻ.സി.പി., ബി.എസ്.പി. എന്നിവയാണ് ദേശീയപാർട്ടികൾ.

ദേശീയപാർട്ടി പദവിക്ക് മൂന്ന്‌ മാനദണ്ഡങ്ങൾ:

1. നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ആറുശതമാനം വോട്ടുകൾ. 2. ലോക്‌സഭയുടെ രണ്ടുശതമാനം സീറ്റും മൂന്നുസംസ്ഥാനങ്ങളിൽ കുറയാത്ത പ്രാതിനിധ്യവും. 3. നാലുസംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി അംഗീകാരം.

സംസ്ഥാനപാർട്ടി പദവിക്കുള്ളത് അഞ്ചു മാനദണ്ഡങ്ങൾ. ഇതിൽ ഏതെങ്കിലുമൊന്ന്‌ പാലിക്കപ്പെട്ടാൽമതി.

1. നിയമസഭാതിരഞ്ഞെടുപ്പിൽ കുറഞ്ഞത് രണ്ടുസീറ്റും ആറുശതമാനം വോട്ടും. 2. ഒരു ലോക്‌സഭാ സീറ്റും മൊത്തം ആറുശതമാനം വോട്ടും. 3. മൂന്നു നിയമസഭാംഗങ്ങളോ മൂന്നുശതമാനം നിയമസഭാംഗങ്ങളോ വേണം. 4. ഓരോ 25 നിയമസഭാംഗങ്ങൾക്കും ഒരു ലോക്‌സഭാംഗം വീതം. 5. മുൻകാല ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലുമൊന്നിൽ മൊത്തം എട്ടുശതമാനം വോട്ടുകൾ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here