ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭയില്‍ അഭൂത ഭൂരിപക്ഷം ആസ്വദിക്കുന്ന ബി.ജെ.പിയെ തങ്ങളുടെ യഥാര്‍ത്ഥ അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നത് രാജ്യസഭയിലെ കണക്കുകളാണ്. നിലവില്‍ എന്‍.ഡി.എയ്ക്ക് 102ഉം പ്രതിപക്ഷത്തിന് 101ഉം രാജ്യസഭാംഗങ്ങളാണുള്ളത്. എന്നാല്‍ 2021ഓടെ 124 എന്ന മാന്ത്രിക സംഖ്യ നേടിയെടുക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഹരിയാന, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആയിരിക്കും രാജ്യസഭയിലെ ബി.ജെ.പിയുടെ ഭാവി നിര്‍ണയിക്കുക. എന്നാല്‍ ഈ സംസ്ഥാനങ്ങള്‍ ബി.ജെ.പി ശക്തികേന്ദ്രങ്ങളാണെന്നതും, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അനകൂല ഘടകമായേക്കുമെന്നതും ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
മുത്തലാഖ് ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങി ബി.ജെ.പിയുടെ വിവാദ ബില്ലുകള്‍ക്ക് പ്രതിപക്ഷം തടയിട്ടത് രാജ്യസഭയിലെ അംഗബലം ഉപയോഗിച്ചാണ്.
2019ല്‍ രാജ്യസഭയിലെ എട്ടു സീറ്റുകളില്‍ ഒഴിവു വരും. ആസാമില്‍ നിന്ന് രണ്ടും തമിഴ്‌നാട്ടില്‍ നിന്ന് ആറും സീറ്റുകള്‍. ആസാമിലെ രണ്ടും സീറ്റുകളും കോണ്‍ഗ്രസിന്റേതാണ്. ആസാമില്‍ നിന്നുള്ള രാജ്യസഭാംഗമായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജൂണ്‍ 14ന് വിരമിക്കും.
തമിഴ്‌നാട്ടില്‍ നിന്നും പുറത്തേക്കു പോകുന്ന ആറില്‍ നാല് രാജ്യസഭാംഗങ്ങള്‍ അണ്ണാ ഡി.എം.കെയുടേതും, ബാക്കിയുള്ള രണ്ടു പേര്‍ ഡി.എം.കെ, സി.പി.ഐ പാര്‍ട്ടികളുടേതുമാണ്. ഇതില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു സീറ്റ് നഷ്ടമാവുകയും ഡി.എം.കെയ്ക്ക് രണ്ടു സീറ്റുകള്‍ അധികം ലഭിക്കുകയും ചെയ്യും.
അതേസമയം 2020ല്‍ കോണ്‍ഗ്രസിന്റെ 15 രാജ്യസഭാംഗങ്ങളടക്കം 72 പേര്‍ പുറത്തു പോകുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഇതില്‍ ഭൂരിപക്ഷം സീറ്റുകളും നഷ്ടമാവും. 2020ഓടെ ഇടതു പാര്‍ട്ടികളുടെ സാന്നിധ്യം ഏഴില്‍ നിന്ന് അഞ്ചായി കുറയും. ഈ വര്‍ഷം വിരമിക്കുന്ന സി.പി.ഐയുടെ ഡി.രാജയുടേയും, അടുത്ത വര്‍ഷം വിരമിക്കുന്ന ടി.കെ രംഗരാജന്റേയും(സി.പി.ഐ.എം) സീറ്റുകള്‍ ഇടതുപക്ഷത്തിന് നഷ്ടമാവും.
രാജ്യസഭയില്‍ കനത്ത തിരിച്ചടി നേരിടുന്ന മറ്റ് പാര്‍ട്ടികള്‍ എസ്.പി-ബി.എസ്.പി എന്നിവരായിരിക്കും. 13 അംഗങ്ങളുള്ള ബി.എസ്.പിയില്‍ നിന്നും ആറു പേര്‍ 2020ല്‍ പുറത്തു പോകും. ഇതില്‍ ഒരു സീറ്റ് മാത്രമാണ് അവര്‍ക്ക് തിരിച്ചു പിടിക്കാന്‍ സാധിക്കു. നാലു അംഗങ്ങളുടെ ബലമുള്ള എസ്.പിയില്‍ നിന്നും രണ്ടു പേരാണ് 2020ല്‍ പുറത്തു പോകുന്നത്. ഒരു സീറ്റ് പോലും ഇവര്‍ക്ക് ലഭിക്കില്ല. ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നത് ബി.ജെ.പിയായിരിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.