ബലാത്സംഗം, കൊലപാതകം, വിദ്വേഷ പ്രസംഗം; തെരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ പകുതിയോളം പേരും ക്രിമിനല്‍ കേസില്‍ പ്രതികള്‍

0
220

ന്യൂദല്‍ഹി(www.mediavisionnews.in): 17-ാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എംപിമാരില്‍ പകുതിപ്പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. ആകെ എംപിമാരുടെ 43 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍.ജി.ഒ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

2014ലെ ക്രിമിനല്‍ പശ്ചാത്തലമുള്ള എംപിമാരേക്കാള്‍ 26 ശതമാനം കൂടുതലാണ് ഇത്തവണ ലോക്‌സഭയിലേക്ക് വരുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. തെരഞ്ഞെടുക്കപ്പെട്ട 539 പേരില്‍ 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസുണ്ട്. ആകെ എംപിമാരുടെ 43 ശതമാനം വരുമിത്. ബി.ജെ.പിയുടെ 116 എംപിമാരുടെ പേരില്‍ ക്രിമിനല്‍ കേസുണ്ട്. കോണ്‍ഗ്രസിന്റെ 29ഉം ജെ.ഡി.യുവിന്റെ 13ഉം ഡി.എം.കെയുടെ പത്തും ടി.എം.സിയുടെ നാലും എംപിമാരുടെ പേരിലും കേസുണ്ട്.

ഇതില്‍, 29 ശതമാനം പേരും ബലാത്സംഗം, കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. 29 വിജയികളുടെ പേരില്‍ വിദ്വേഷ പ്രസംഗത്തിനും കേസുണ്ട്.

2014ല്‍, 184 എംപിമാരുടെ പേരിലാണ് ക്രിമിനല്‍ കേസുണ്ടായിരുന്നത്. 2009ല്‍ അത് 162 പേരുടെ പേരിലായിരുന്നു കേസുകളുണ്ടായിരുന്നത്. 2009ല്‍ നിന്നും 2019ലെ ലോക്‌സഭയിലേക്കെത്തുമ്പോള്‍ ക്രിമിനല്‍ കേസുകളുള്ള എംപിമാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി പ്രജ്ഞ സിങ് ഠാക്കൂര്‍ ഭോപ്പാലിലെ ബിജെപി എംപിയായി വിജയിച്ച് കയറിയത് ഇതിന് ഒരു ഉദാഹരണമാണ്. ഇവര്‍ക്കുള്ള നെഗറ്റീവ് പ്രതിച്ഛായ ബി.ജെ.പിക്ക് വെല്ലുവിളിയാവുമെന്ന് വിലയിരുത്തിയ മണ്ഡലമായിരുന്നു ഭോപ്പാല്‍. എന്നാല്‍, 3.5ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രജ്ഞ സിങ് ഠാക്കൂര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ പരാജയപ്പെടുത്തിയത്

കേരളത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരെ 204 കേസുകളാണ് പരിഗണനയിലുള്ളത്. കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഡീന്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here