കോഴിക്കോട്(www.mediavisionnews.in): വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മെയ് 18നാണ് സി.ഒ.ടി നസീറിനെ തലശ്ശേരി കയ്യത്ത് റോട്ടില്‍ വെച്ച് ആക്രമിച്ചത്. പാര്‍ട്ടിയില്‍ നിന്നും അകന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും മൂലമുള്ള വിരോധമാണ് അക്രമി സംഘത്തിന് തന്നോടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു.
ബൈക്കിലെത്തിയ മൂന്ന് പേരില്‍ ഒരാള്‍ ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയും രണ്ടാമത്തെയാള്‍ കത്തി കൊണ്ട് വയറിലും ഇരുകൈകളിലും കുത്തുകയായിരുന്നെന്നും മൂന്നാമത്തെ ആള്‍ നിലത്തുവീണ തന്റെ ദേഹത്ത് ബൈക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നും നസീര്‍ മൊഴി നല്‍കിയത്.
നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ അന്ന് പറഞ്ഞിരുന്നു.
മുന്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍. ആശയപരമായ ഭിന്നതകള്‍ കാരണം നസീര്‍ പാര്‍ട്ടി വിടുകയായിരുന്നു.
മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന പ്രചരണവാക്യത്തോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സി.ഒ.ടി നസീര്‍ മത്സരിച്ചിരുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.