130 കോടി ജനങ്ങള്‍ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു; ഇത് ഇന്ത്യയുടേയും ജനാധിപത്യത്തിന്റേയും വിജയം; താന്‍ ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്നും മോദി

0
249

ദില്ലി (www.mediavisionnews.in) ബി.ജെ.പിയുടെ വിജയം ഇന്ത്യയുടേയും ജനാധിപത്യത്തിന്റേയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു. ബിജെപിക്കു വേണ്ടി കേരളത്തില്‍ ജീവത്യാഗം ചെയ്ത പ്രവര്‍ത്തകരെ അമിത് ഷാ വിജയപ്രസംഗത്തില്‍ അനുസ്മരിച്ചു.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, ശിവ്‌രാജ് സിങ് ചൗഹാന്‍ തുടങ്ങി പ്രമുഖനേതാക്കള്‍ സന്നിഹിതരായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച ജഗന്‍ മോഹന്‍ റെഡ്ഡിയേയും നവീന്‍ പട്‌നായിക്കിനേയും അമിത് ഷാ അഭിനന്ദിച്ചു. ബിജെപിയുടെ ബംഗാളിലെ മുന്നേറ്റം വരും ദിനങ്ങളിലേയ്ക്കുള്ള മുന്നറിയിപ്പാണെന്നും അമിത് ഷാ പറഞ്ഞു.

130 കോടി ജനങ്ങളുടെ മുന്നില്‍ ശിരസ് നമിക്കുന്നു. താന്‍ ദുരുദ്ദേശത്തോടെയോ സ്വാര്‍ത്ഥതയോടെയോ ഒരു കാര്യവും പ്രവര്‍ത്തിക്കില്ല. എതിരാളികളുള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ജാതി രാഷ്ട്രീയത്തെയും കുടുംബാധിപത്യത്തെയും ജനവിധി കടപുഴക്കിയെറിഞ്ഞു. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും കഴിഞ്ഞില്ല. മോദി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ചൗക്കിദാര്‍ വിശേഷണം നീക്കി. ചൗക്കിദാര്‍ വിശേഷണത്തിന്റെ അടുത്തഘട്ടത്തിലേക്കു നീങ്ങാനുള്ള സമയമായതു കൊണ്ടാണ് ചൗക്കീദാര്‍ വിശേഷണം നീക്കിയതെന്നും മോദി വിശദീകരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here