കാസര്‍കോട്(www.mediavisionnews.in): ജര്‍മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് കൊള്ളയടിച്ച കേസില്‍ മൂന്നു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. മഞ്ചേശ്വരം വോര്‍ക്കാടിയിലെ മുഹമ്മദ് റാസിഖ് (18), മഞ്ചേശ്വരം ധര്‍മനഗര്‍ കൊടലമൊഗറു മജിര്‍പള്ള നീരോടിയിലെ മുഹമ്മദ് ലത്തീഫ് (21), വോര്‍ക്കാടി മജിര്‍പള്ള സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ അനസ് ഷരീഫ് (22) എന്നിവരാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്റ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്കയച്ചു.
ഏപ്രില്‍ 19ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മഞ്ചേശ്വരം ഹൊസങ്കടി വാമഞ്ചൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ജര്‍മന്‍ വിനോദ സഞ്ചാരികളെ അഞ്ചംഗ സംഘം കൊള്ളയടിച്ചത്. എടിഎം- ക്രെഡിറ്റ് കാര്‍ഡുകള്‍, 8,000 രൂപ, 30,000 രൂപ വിലവരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് കവര്‍ച്ച ചെയ്തത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കൊള്ള നടത്തി രക്ഷപ്പെടുന്നതിനിടെ അനസിന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. ഉപേക്ഷിച്ച സ്‌കൂട്ടറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. കേസില്‍ രണ്ടുപേരെ പിടികൂടാനുണ്ടെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.