തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി

0
249

ന്യൂഡല്‍ഹി(www.mediavisionnews.in): മോട്ടോർ വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക വർദ്ധിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി പുറത്തിറക്കി. സാധാരണ ഏപ്രിൽ ഒന്നിനാണ് പുതിയ നിരക്ക് നിലവിൽ വരാറുള്ളതെങ്കിലും ഇക്കുറി തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇത് നീട്ടി വയ്ക്കുകയായിരുന്നു.

ഇന്നലെയാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. ബൈക്ക്, കാർ, ബസ്, ട്രക്ക്, സ്കൂൾ ബസ്, ട്രാക്ടർ എന്നിവയുടെയെല്ലാം ഇൻഷുറൻസ് നിരക്കുകളിൽ വർദ്ധനവുണ്ട്. 1500 സിസിക്കു മേലുള്ള കാറുകൾ, 350 സിസിക്കു മേലുള്ള സൂപ്പർ ബൈക്കുകൾ, ഇ – ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് നിരക്ക് കൂട്ടിയിട്ടില്ല. 1000 സിസിക്ക് താഴെയുള്ള സ്വകാര്യ കാറുകൾക്ക് നിലവിൽ 1850 രൂപയായിരുന്ന പ്രീമിയം ഇനി മുതൽ 2120 രൂപയാകും.

1000-1500 വരെ സി സി വാഹനങ്ങൾക്ക് 3300 രൂപയാണ് പുതുക്കിയ പ്രീമിയം തുകയായി നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോഴിത് 2863 രൂപയാണ്. എന്നാൽ 1500 സി സിക്ക് മുകളിലുള്ള കാറുകൾക്ക് ഇപ്പോഴത്തെ 7890 രൂപ തന്നെയാണ് പ്രീമിയം തുക.

427 രൂപ പ്രീമിയം ഉണ്ടായിരുന്ന 75 സിസിക്ക് താഴെയുള്ള ബൈക്കുകൾക്ക് ഇനി മുതൽ 482 രൂപയാകും. 75 മുതൽ 150 സിസി വരെയുള്ള ബൈക്കുകൾക്ക് 720 രൂപയായിരുന്നത് 782 രൂപയാകും. 150 നും 350 സിസിക്കും ഇടയിലുള്ള ബൈക്കുകൾക്ക് 1193 രൂപയാണ് പുതുക്കിയ പ്രീമിയം തുക. സ്വകാര്യ ഇലക്ട്രിക് കാർ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്ക് 15 ശതമാനം ഇളവുണ്ട്. www.irdai.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here