മസ്‌കത്ത്(www.mediavisionnews.in) : കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും പരിശോധന നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ് സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടിരുന്നു. ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരെയാണ് കാണാതായത്.
കഴിഞ്ഞ മാസമാണ് ഭാര്യ അര്‍ശി മകന്‍ നൂഹിന് ഒമാനില്‍ വെച്ച് ജന്‍മം നല്‍കിയത്. കുട്ടിയെ കാണുന്നതിന് കഴിഞ്ഞ ദിവസം ഫസല്‍ അഹ്മദിന്റെ മാതാപിതാക്കള്‍ ഒമാനിലെത്തിയതായിരുന്നു. ഇബ്ര വിലായത്തിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇബ്രയിലെ ഇബ്‌നു ഹൈതം ഫാര്‍മസിയിലായിരുന്നു ഖാന്‍ ജോലി ചെയ്തിരുന്നത്. വാരാന്ത്യ അവധി ആയതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വഴിയാണ് ഇവര്‍ വാദിയില്‍ അകപ്പെട്ടത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.