മഞ്ചേശ്വരം(www.mediavisionnews.in): ഉപ്പള ഐല ക്ഷേത്രത്തിൽ കയറിയെന്നാരോപിച്ച് പോലീസ് നിരപരാധികളായ മുസ്ലിം യുവാക്കളെ വേട്ടയാടുന്നത് നിർത്തണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നിരപരാധികളുടെ വീട്ടിൽ രാത്രി കാലങ്ങളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസ്. ഒരു മാനദണ്ഡവും പാലിക്കാതെയാണ് പോലീസ് അറസ്റ്റിന്റെ പേരിൽ വീട് കയറുന്നത്. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ വനിതാ പോലീസിന്റെ അഭാവത്തിലാണ് റെയ്ഡ് നടത്തുന്നത്. ഇത് ക്രൂരതയാണെന്നും, ഇത് നിർത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സംഘ്പരിവാർ വാദിയായ കേസുകളിൽ എന്തെന്നില്ലാത്ത ആവേശമാണ് പോലീസിന്. എങ്ങിനെയെങ്കിലും കുറച്ച് മുസ്ലിം പ്രതികളെ സൃഷ്ടിച്ച് പിടിച്ച് അകത്താക്കുവാൻ പോലീസ് രാത്രിയും പകലും കഠിനദ്ധ്വാനം ചെയ്യുന്നു. പക്ഷെ യഥാർത്ഥ രീതിയിലുള്ള കേസന്വേഷണം നടത്തുവാൻ പോലീസിന് താൽപര്യമില്ല. പോലീസിന്റെ ഭാഗത്തെ വീഴ്ച കൊണ്ടാണ് കാസർകോട് സാബിത് വധക്കേസിൽ മുഴുവൻ പ്രതികളേയും കോടതി വെറുതെ വിടാൻ കാരണമായത്. ഇതേ പ്രകാരമാണ് ബായാർ കരീം മൗലവി സംഘ്പരിവാർ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ട കേസും. ബന്തിയോട്ട് കടകമ്പോളങ്ങൾ ആക്രമിക്കപ്പെട്ട കേസിലും പോലീസ് നിലപാട് യഥാർത്ഥ പ്രതികൾ നിയമ പഴുതുകളിലൂടെ രക്ഷപ്പെടുവാൻ പോലീസ് അവസരം ഒരുക്കുകയാണ്. ഇതിനിടയിൽ സി.പി.എം കലക്ക വെള്ളത്തിൽ നിന്നും മീൻ പിടിക്കാനുള്ള ശ്രമം നടത്തുകയാണ്. ആദർശ പാപ്പരത്തം കാരണം സ്വന്തം അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ സാധിക്കാതെ, നിരപരാധികളായ യുവാക്കളെ കേസിൽപ്പെടുത്തി പിന്നീട് രക്ഷകരായി വന്ന് കേസിൽ നിന്ന് ഊരണമെങ്കിൽ സി.പി.എം പാർട്ടിക്ക് വേണ്ടി പണിയടുക്കണമെന്ന് നിർദേശിക്കുന്നു. പോലീസിനെ സ്വാധീനിച്ച് സി.പി.എം സംഘ്പരിവാർ നേതാക്കൾ മുസ്ലിം യുവാക്കളോട് ചെയ്യുന്നത് കൊടിയ ക്രൂരതയാണ്. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ എന്നിവർ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.