കുമ്പള(www.mediavisionnews.in): കളത്തൂരിലെ പെൺകുട്ടിയെ ഒരുസംഘം കാറിൽ തട്ടിക്കൊണ്ടുപോയെന്ന സന്ദേശം പ്രചരിച്ചതിനെത്തുടർന്ന് ഉപ്പളയിലും ബന്തിയോട്ടുമുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 50 ആളുകളുടെപേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കളത്തൂരിലെ റിട്ട. അധ്യാപകന്റെ പരാതിയിലും കേസെടുത്തിട്ടുണ്ടെന്ന് കുമ്പള ഇൻസ്പെക്ടർ എം.കൃഷ്ണൻ പറഞ്ഞു.
കളത്തൂരിൽ വീടിനുമുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ സംഘം കയറ്റിക്കൊണ്ടുപോയതാണ് തിങ്കളാഴ്ച സന്ധ്യയ്ക്ക് ഉപ്പളയിലും ബന്തിയോട്ടും സംഘർഷത്തിനിടയാക്കിയത്. മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷം ഒടുവിൽ പോലീസ് ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന സന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബന്തിയോട്ടും ഉപ്പളയിലും ഇരുവിഭാഗത്തിൽപ്പെട്ട ആളുകൾ സംഘടിച്ചു. കാറിനെ ആളുകൾ പിൻതുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം ഉപ്പള ഐല മൈതാനത്തിന് സമീപം കാർ നിർത്തി വേറൊരുവാഹനത്തിൽ രക്ഷപ്പെട്ടു. പിൻതുടർന്നെത്തിയ സംഘം കാർ മറിച്ചിടുകയും കാറിന്റെ ചില്ലുകൾ തകർക്കുകയുംചെയ്തു. ചില ആളുകൾ തങ്ങളെ പിൻതുടരുന്നുണ്ടെന്ന് യുവാവ് ചിലരെ ഫോണിലറിയിച്ചതിനെത്തുടർന്ന് യുവാവിനെ അനുകൂലിക്കുന്ന ചിലരും സ്ഥലത്തെത്തി. ഇത് കൂടുതൽ സംഘർഷത്തിലേക്ക് നയിച്ചു. എ.എസ്.പി. ഡി.ശില്പയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ലാത്തിവീശിയതിനെത്തുടർന്നാണ് സംഘർഷത്തിന് അയവുവന്നത്. മറ്റൊരുവാഹനത്തിൽ രക്ഷപ്പെട്ട പെൺകുട്ടിയും സംഘവും വിട്ട്‌ളയിലെത്തിയതായാണ് സൂചന.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.