കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ട കൊലപാതകകേസില്‍ നിന്നും സി.പി.ഐ.എമ്മിന്റെ വലിയ നേതാക്കളെ ഒഴിവാക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദമുള്ളതായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിച്ചാല്‍ സി.പി.ഐ.എം നേതാവായ വി.പി.പി മുസ്തഫയും മുന്‍ എം.എല്‍.എ കുഞ്ഞിരാമനും ഇപ്പോഴത്തെ എം.എല്‍.എ കുഞ്ഞിരാമന്‍മാരും അകത്തുപോകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
”കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് പൊലീസ് മുന്‍ എം.എല്‍.എ കുഞ്ഞിരാമനേയും ഇപ്പോഴത്തെ എം.എല്‍.എ കുഞ്ഞിരാമനേയും അതുപോലെ വി.പി.പി മുസ്തഫയേയും ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനേയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനേയും ചോദ്യം ചെയ്ത വിവരം പുറത്തുവന്നിരുന്നു.
അതില്‍ മണികണ്ഠനേയും ബാലകൃഷ്ണനേയും മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. അതിനര്‍ത്ഥം മുന്‍ എം.എല്‍.എ കുഞ്ഞിരാമനേയും ഇപ്പോഴത്തെ എം.എല്‍.എ കുഞ്ഞിരാമനേയും വി.പി.പി മുസ്തഫയേയും കേസില്‍ നിന്നൊഴിവാക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ട്
എന്ന് തന്നെയാണ്.
കൊലപാതകം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും കഴിഞ്ഞയാഴ്ച മാത്രമാണ് ഈ അഞ്ച് പേരേയും ചോദ്യം ചെയ്തത്. ചോദ്യം ചെയ്തവരില്‍ മൂന്ന് പേര്‍ അത്യുന്നതങ്ങളില്‍ വിഹരിക്കുന്നവരാണ്. വി.പി.പി മുസ്തഫ അവരുടെ വലിയ നേതാവാണ്. അദ്ദേഹമാണ് ഒരാളുടെ മാംസം പെറുക്കിയെടുക്കാന്‍ പോലും കഴിയാത്ത രീതിയില്‍ കൈകാര്യം ചെയ്തുകളയുമെന്ന് കൊലവിളി പ്രസംഗം നടത്തിയത്.
കൊലയാളികള്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് കുഞ്ഞിരാമന്‍മാരും ഇയാളുമാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിച്ചത് പോലെ ഈ കേസ് സി.ബി.ഐയ്ക്ക് പോയാല്‍ വി.പി.പി മുസ്തഫ അകത്തുപോകും. പഴയ എം.എല്‍.എ കുഞ്ഞിരാമനും ഇപ്പോഴത്തെ എം.എല്‍.എ കുഞ്ഞിരാമനും അകത്തുപോകും. ഇവരെല്ലാമാണ് ഈ കൊലപാതകം നടത്തിച്ചിരിക്കുന്നത്.
പൊലീസ് ചോദ്യം ചെയ്ത് മൂന്ന് പ്രമാണിമാരെ ഒഴിവാക്കുകയും ഏരിയ സെക്രട്ടറിയേയും ബ്രാഞ്ച് സെക്രട്ടറിയേയും മാത്രം അറസ്റ്റ് ചെയ്യുകയും ചെയ്തത് ശരിയായ നടപടിയല്ല. വി.പി.പി മുസ്തഫ ഉള്‍പ്പെടെയുള്ളവരെ കൂടി അറസ്റ്റ് ചെയ്യേണ്ടിവരും. ഇല്ലെങ്കില്‍ കേസ് സി.ബി.ഐക്ക് വിടീച്ച് തീര്‍ച്ചയായും ഇവരേയും കേസില്‍ പ്രതിയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കൊലപാതകത്തില്‍ ഇവരുടെ റോള്‍ കൃത്യമാണ്. പൊലീസ് ചോദ്യം ചെയ്തത് അതുകൊണ്ടാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.