ഹൈദരാബാദ് (www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂക്കുസഭ വരികയാണെങ്കില്‍ കെ.ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) കോണ്‍ഗ്രസിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി ഒരു സഖ്യം ഉണ്ടാക്കുക എന്നത് വിദൂര സാധ്യതയാണെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കുമെന്നാണ് ടി.ആര്‍.എസ് നിലപാട്.
തെലങ്കാനയില്‍ വോട്ടെടുപ്പ് നടന്നതിന് പിന്നാലെ ടി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് ഇക്കാര്യം അറിയിച്ചതായാണ് വിവരമെന്ന് ടി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ്, ബിജെപി ഇതര മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര റാവു കര്‍ണാടക, കേരള മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തൂക്കുസഭ വരികയാണെങ്കില്‍ തങ്ങളുടെ നിലപാട് ഇതായിരിക്കുമെന്ന പ്രഖ്യാപനവുമായി ടി.ആര്‍.എസ് രംഗത്തെത്തുന്നത്. ടി.ആര്‍.എസ് ബി.ജെ.പിയുടെ ബി ടീമാണെന്ന കോണ്‍ഗ്രസ് ആരോപണവും ശക്തമായിരുന്നു.
അതേസമയം മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്‍ പിന്‍വാങ്ങിയിരുന്നു. നാല് സ്ഥലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരിക്കിലാണെന്നും കാണാന്‍ കഴിയില്ലെന്നുമായിരുന്നു സ്റ്റാലിന്റെ ഓഫീസ് അറിയിച്ചത്.
മെയ് 13ന് കെ.സി.ആറുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ചര്‍ച്ച ഉപേക്ഷിച്ച കാര്യത്തെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല. കോണ്‍ഗ്രസ്, ബി.ജെ.പിയിതര നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അയല്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന കെ.സി.ആര്‍ കേരളത്തിലെത്തിയിരുന്നു.
1996-ലെ മാതൃകയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് ഇതര കൂട്ടായ്മയാണ് കെ.സി.ആര്‍ ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ടി.ആര്‍.എസ് കോണ്‍ഗ്രസിനെ അറിയിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.