ന്യൂഡൽഹി (www.mediavisionnews.in): കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ജിഎസ്ടിയിലെ 18 ശതമാനം സ്ലാബിലോ, 28 ശതമാനം സ്ലാബിലോ ആയിരിക്കും ഉൽപ്പന്നം ഉൾപ്പെടുത്തുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജിൽ ഇരുചക്ര വാഹന യാത്രക്കാരനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് രാഹുൽ ഇക്കാര്യം കുറിച്ചത്.
രാജ്യത്ത് വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉയർന്ന നികുതിയാണ് പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി ഈടാക്കുമ്പോൾ മൂല്യ വർദ്ധിത നികുതിയാണ് സംസ്ഥാനങ്ങൾ ഈടാക്കുന്നത്. ഇതിന് പുറമെ വിൽപ്പന നടത്തുന്നവരുടെ കമ്മിഷനും കൂടിയാകുമ്പോൾ ജനങ്ങൾക്ക് വളരെ വലിയ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ പിന്നെ ഒറ്റ നികുതി മാത്രമേ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്താനാകൂ. കേന്ദ്രത്തിന്റെ എക്സൈസ് നികുതിയും സംസ്ഥാനങ്ങളുടെ വാറ്റും ഒഴിവാക്കി പകരം ജിഎസ്‌ടി മാത്രമേ ഈടാക്കാനാവൂ. അങ്ങിനെയായാൽ പെട്രോൾ-ഡീസൽ വിലയിൽ വലിയ കുറവ് ഉണ്ടാകും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.