50% വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷ ഹര്‍ജി സുപ്രീം കോടതി തള്ളി

0
438

ന്യൂദല്‍ഹി(www.mediavisionnews.in): വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

നേരത്തെ സമാനമായ ആവശ്യവുമായി പ്രതിപക്ഷം കോടതിയെ സമീപിച്ചപ്പോള്‍, എല്ലാ മണ്ഡലങ്ങളിലേയും 5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് വെറും 1% മാത്രമേ ആകൂവെന്നും വോട്ടെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താന്‍ 50% വിവിപാറ്റുകളെങ്കിലും എണ്ണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണമെന്ന കോടതി വിധി വന്നതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ടി.ഡി.പി.ക്ക് പുറമേ കോണ്‍ഗ്രസ്, എന്‍.സി.പി., എ.എ.പി., സി.പി.ഐ.എം. സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി., ആര്‍.എല്‍.ഡി., ലോക് താന്ത്രിക് ജനതാദള്‍, ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളാണ് സുപ്രീംകോടതിയിലെത്തിയത്.

തിരഞ്ഞെടുത്ത മണ്ഡലങ്ങളിലെ മാത്രം വിപിപാറ്റ് സ്ലിപ്പുകള്‍ എണ്ണാനുള്ള തീരുമാനം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ തന്നെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ഇവര്‍ ആരോപിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതുപോലെ 50 ശതമാനം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം ആറുദിവസത്തോളം വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. വോട്ടിങ് യന്ത്രങ്ങള്‍ കുറ്റമറ്റതാണെന്നും പലതവണ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയതാണെന്നും കമ്മിഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here