പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

0
424

തിരുവനന്തപുരം(www.mediavisionnews.in): പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയതായി സൂചന. പോലീസിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടല്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറാണ് അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറിയത്. പോസ്റ്റല്‍ ബാലറ്റില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായെന്ന വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്. അസോസിയേഷന്‍ നേതാക്കള്‍ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ട് നടത്തിയെന്നാണ് ആരോപണം. ഇത് ഏകദേശം ശരിവെച്ച് പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിക്കാനുള്ള ശ്രമം നടന്നുവെന്നും ഇക്കാര്യത്തില്‍ അസോസിയേഷന്റെ ഇടപെടല്‍ ഉണ്ടായതായും ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ പോലീസ് മേധാവിയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടില്‍ രണ്ട് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുമുണ്ടെന്നാണ് വിവരം. ഒരു പോസ്‌റ്റോഫിസിലേക്കുള്‍പ്പെടെ കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകളെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്.  അതോടൊപ്പം കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിക്കുന്ന കാര്യം ഒരു പോലീസുകാരന്‍ തന്നെ പോലീസിന്റെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശം ഇട്ടിരുന്നു. ഇക്കാര്യങ്ങളാണ് അന്വേഷണത്തില്‍ വന്നത്. ഇത് സാധൂകരിക്കുന്ന മൊഴിയും ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. 

വിശദമായ അന്വേഷണവും ഉണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ നേരിട്ട് പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. എന്നാല്‍ അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായെന്ന സൂചന റിപ്പോര്‍ട്ടിലുണ്ട്. അതേസമയം പോലീസ് മേധാവി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. റിപ്പോര്‍ട്ടിന്മേല്‍ എന്തുനടപടിയുണ്ടാകും എന്ന് വരും ദിവസങ്ങളിലെ അറിയാനാകു. ആരോപണം ഉയര്‍ന്ന് ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here