പള്ളി പണിത് നല്‍കിയതിന് പിന്നാലെ പത്തനാപുരം ​ഗാന്ധിഭവന് പത്ത് കോടിയുടെ ആധുനിക മന്ദിരവുമായി എംഎ യൂസഫലി

0
468

പത്തനാപുരം(www.mediavisionnews.in): ജന്മഗ്രാമമായ നാട്ടികയില്‍ പള്ളി പണിത് നല്‍കിയതിന് പിന്നാലെ പത്താനപുരം ഗാന്ധിഭവന് അത്യാധുനിക ബഹുനില മന്ദിരം നിര്‍മ്മിച്ചു നല്‍കാന്‍ ഒരുങ്ങി എംഎ യൂസഫലി. കെട്ടിട്ടത്തിന്‍റെ ശിലാസ്ഥാപനം വന്‍ജനാവലിയുടെ നേതൃത്വത്തില്‍ ഇന്ന് പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു. പൂര്‍ണ്ണ ശീതീകരണ സംവിധാനത്തോടെ മൂന്ന് നിലകളില്‍ 250 കിടക്കകളുമായാണ് താമസസൗകര്യം ഒരുങ്ങുന്നത്. ഗാന്ധി ഭവന് സമീപം ഒരേക്കര്‍ നാല്‍പ്പത് സെന്‍റിലാണ് മന്ദിരം തയ്യാറാകുന്നത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകും

ലുലു മാള്‍ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ എഞ്ചിനീയറിംഗ് ടീമായിരിക്കും ബഹുനില മന്ദിരം പത്തനാപുരത്ത് നിര്‍മ്മിക്കുകയെന്ന് ചടങ്ങില്‍ യൂസഫലി അറിയിച്ചു. ഏഴ് കോടിയോളം രൂപയാണ് ബഹുനില മന്ദിരത്തിന് ആദ്യം ചിലവ് പറഞ്ഞതെന്നും നിലവില്‍ അത് പത്ത് കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും ഇനി അത് എത്ര തന്നെയായാലും മുഴുവന്‍ തുകയും താന്‍ തന്നെ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി ലുലു മാള്‍ അടക്കം യൂസഫലിയുടെ രണ്ട് സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 1.85 കോടി രൂപ പത്തനാപുരം ഗാന്ധിഭവന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി യൂസഫലി ഇന്ന് സംഭാവന ചെയ്തു. പത്തനാപുരം ഗാന്ധിഭവനിലെ 250-ഓളം അന്തേവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി താമസിക്കാന്‍ സാധിക്കുന്ന തരത്തിലാവും ബഹുനില മന്ദിരത്തിന്‍റെ നിര്‍മ്മാണം. കെട്ടിട്ട നിര്‍മ്മാണം നാളെ ആരംഭിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുമെന്നും യൂസഫലി ചടങ്ങില്‍ അറിയിച്ചു.

എല്ലാ മതസ്ഥര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ ഹാളുകളും പുതിയ ബഹുനില മന്ദിരത്തിലുണ്ടാവും. എല്ലാത്തിനും പകരമായി താന്‍ ആഗ്രഹിക്കുന്നത് പ്രാര്‍ത്ഥനകള്‍ മാത്രമാണെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തിയാല്‍ മരണപ്പെട്ട തന്‍റെ മാതാപിതാക്കള്‍ക്ക് അതിന്‍റെ പുണ്യം കിട്ടുമെന്നും യൂസഫലി ഗാന്ധിഭവനിലെ അന്തേവാസികളോട് പറഞ്ഞു. ഉദ്ഘാടനപ്രസംഗത്തിനിടെ കുചേലവൃത്തം വഞ്ചിപ്പാട്ടിലെ വരികള്‍ യൂസഫലി പാടിയത് സദസില്‍ കൗതുകമുണര്‍ത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here