മലപ്പുറം(www.mediavisionnews.in): കാസർകോഡ് മണ്ഡലത്തിൽ മുസ്ലീം ലീഗുകാർ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കള്ളവോട്ടിനെ ലീഗ് ഒരിക്കലും അംഗീകരിക്കില്ല. സംഭവത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സിപിഎം നടത്തിയ കള്ളവോട്ട് മറച്ച് വയ്ക്കാനാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതോടെ ഏകപക്ഷീയമായി സിപിഎം കള്ളവോട്ട് നടത്തുന്നു എന്ന യുഡിഎഫ് ആക്ഷേപത്തിന്‍റെ മുനയൊടിഞ്ഞു. പരസ്പരം ചെളിവാരിയെറിയാതെ തെരഞ്ഞെടുപ്പ് ഫലം വരുംവരെ കാത്തിരിക്കാമെന്ന ആലോചനയിലേക്ക് ഇരു മുന്നണികളും പതിയെ മാറുകയാണ്.
കണ്ണൂരിലും കാസർകോടും ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സിപിഎമ്മിനെതിരെയും തിരിച്ചും കള്ളവോട്ട് ആരോപണം ഉയരാറുണ്ട്. എന്നാൽ ഇത്തവണ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന വെബ്‍കാസ്റ്റിംഗ് ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ പാർട്ടി വെട്ടിലായി. പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ കള്ളവോട്ട് ചെയ്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികൂടി എത്തിയതോടെ നിൽക്കക്കള്ളിയില്ലാതായി. അതിനാലാണ് രാഷ്ട്രീയ പ്രതിരോധത്തിനൊപ്പം എതിരാളികൾ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ തേടിപ്പിടിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ച് സിപിഎം പുതിയ പോർമുഖം തുറന്നത്.
കല്യാശേരിയിൽ മൂന്ന് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചതോടെ സിപിഎം ഉദ്ദേശിച്ചത് നടന്നു. ഇതോടെ എൽഡിഎഫ് ഏകപക്ഷീയമായി കള്ളവോട്ട് ചെയ്യുന്നുവെന്ന യുഡിഎഫ് ആരോപണത്തിന്‍റെ മുനയൊടിഞ്ഞു. കള്ളവോട്ട് നടന്നെങ്കിലും കണ്ണൂരിൽ സുധാകരൻ ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അതിനാൽ വോട്ടെണ്ണിക്കഴിഞ്ഞ് ഫലം എതിരായാൽ മാത്രം ഇനി കള്ളവോട്ട് വിഷയം സജീവമാക്കാമെന്നാണ് കോൺഗ്രസ് ക്യാമ്പിലെ ആലോചന
രണ്ടു മുന്നണികളിലെയും മൂന്ന് വീതം പേർ കള്ളവോട്ട് ചെയ്തു എന്നാണ് കമ്മീഷൻ ഇതുവരെ കണ്ടെത്തിയത്. എൽഡിഎഫും യുഡിഎഫും എതിരാളികളുടെ കൂടുതൽ കള്ളവോട്ട് ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും വിവാദം തൽകാലം തണുപ്പിച്ച് നിർത്താനാകും മുന്നണികളുടെ ശ്രമം. ബാക്കി അങ്കം മെയ് 23ന് ശേഷം എന്നാകും ആലോചന.