കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ ആള്‍മാറാട്ടത്തിന് പൊലീസ് ക്രിമിനല്‍ക്കേസെടുത്തു. ഓപ്പണ്‍ വോട്ടാണു നടന്നതെന്ന സി.പി.ഐ.എമ്മിന്റെ വാദം തള്ളിയാണ് കേസെടുത്തത്.
എം.വി സലീന, കെ.പി സുമയ്യ, പദ്മിനി എന്നിവര്‍ക്കെതിരെയാണ് കേസ്. കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തേ നിര്‍ദേശിച്ചിരുന്നു.
പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിനു തെളിവുണ്ടെന്ന് ഇന്നലെ ടിക്കാറാം മീണ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു.
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ മകന്റെ പേരിലും കള്ളവോട്ട് നടന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. വിദേശത്തുള്ള മകന്റെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു എം.എല്‍.എയുടെ മറുപടി.
കാസര്‍കോട്ടെ കള്ളവോട്ടിനെച്ചൊല്ലി ടിക്കാറാം മീണയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാക്‌പോരില്‍ വരെയെത്തിയിരുന്നു. നടന്നത് യു.ഡി.എഫിന്റെ പ്രചാരണതന്ത്രമാണെന്നും മീണ അതിന്റെ ഭാഗമായെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ടു മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് മീണ ചെയ്തതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു ഇവയെന്നും കോടിയേരി കുറ്റപ്പെടുത്തി.
എന്നാല്‍ പക്ഷപാതമില്ലാതെയാണു തന്റെ നടപടിയെന്നും കള്ളവോട്ട് താന്‍ സ്വന്തമായി കണ്ടെത്തിയതല്ലെന്നുമായിരുന്നു മീണയുടെ മറുപടി.