ദില്ലി (www.mediavisionnews.in): അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പരാമർശത്തിൽ പ്രഗ്യ സിംഗ് ഠാക്കൂറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് വിലക്ക്.
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രഗ്യ സിംഗ് ഠാക്കൂറിന്‍റെ പരാമർശം. ബാബരി മസ്ജിദ് തകർത്തതിൽ തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞു. വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് പ്രഗ്യ സിംഗിന്‍റെ തുറന്ന് പറച്ചിൽ.
“രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. ഞങ്ങൾ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണർത്തുന്നു. അയോധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. കോൺഗ്രസ് 70 വർഷം ഭരിച്ചിട്ടും എന്താണ് ചെയ്തതെന്ന് നോക്കൂ. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണിയുക” പ്രസ്താവനയെ ന്യായീകരിച്ച് പ്രഗ്യ സിംഗ് പറഞ്ഞതിങ്ങനെ.
ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രഗ്യ സിംഗിനെതിരെ മധ്യ പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസിന്‍റെ പരാതിയിന്മേലാണ് കേസെടുത്തത്. സമാന പരാമര്‍ശത്തിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിംഗിന് നോട്ടീസയച്ചിരുന്നു. പ്രഗ്യ സിംഗിന്‍റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.
2011 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്‍റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യ പറഞ്ഞത്. തന്നെ വേട്ടയാടിയതിന്‍റെ കര്‍മ ഫലമാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കര്‍ക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താന്‍ ശപിച്ചിരുന്നെന്നും പ്രഗ്യ പറഞ്ഞു. അതേസമയം ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യ രംഗത്തെത്തിയിരുന്നു.