തിരുവനന്തപുരം(www.mediavisionnews.in): തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി.
പൊലീസ് അസോസിയേഷന്‍ നിര്‍ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പുറ സ്വദേശിയായ പൊലീസുകാരന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
‘അസോസിയേഷന്‍ ആള്‍ക്കാര്‍ വിളിച്ചിട്ട് ടെമ്പിലുള്ളവരുടെ പോസ്റ്റല്‍ വോട്ട് ചോദിച്ചു. സംഭവം സീരിയസാണ്. താല്‍പര്യമുള്ളവര്‍ നാളെയും മറ്റെന്നാളുമായി പോസ്റ്റല്‍ വോട്ട് തരണം. ‘ എന്നാണ് പൊലീസുകാരന്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദേശിക്കുന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടും. സംശയം തോന്നാതിരിക്കാന്‍ പല വിലാസങ്ങളിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയപ്പിക്കും.
തിരുവനന്തപുരത്തെ വട്ടപ്പാറ സ്വദേശിയായ ഒരു പൊലീസുകാരന്റെ വീട്ടിലെത്തിയത് നാല് പോസ്റ്റല്‍ ബാലറ്റുകളാണ്. പോസ്റ്റുമാസ്റ്ററും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.