ന്യൂനപക്ഷ വോട്ടുകള്‍ ഗുണം ചെയ്തു; യു.ഡി.എഫിന് 18 സീറ്റു വരെ കിട്ടുമെന്ന് ലീഗ്

0
641

കോഴിക്കോട് (www.mediavisionnews.in): ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ വലിയ രീതിയില്‍ യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും യു.ഡി.എഫിന് 17 മുതല്‍ 18 സീറ്റുകള്‍ വരെ കിട്ടുമെന്നും മുസ്ലീംലീഗ് വിലയിരുത്തല്‍. മുസ്ലീംലീഗ് അഭിമാനപ്രശ്‌നമായി ഏറ്റെടുത്ത മണ്ഡലമായിരുന്നു വടകര. ഇവിടെ കണക്കുകൂട്ടലുകള്‍ വിജയിച്ചുവെന്നും കെ.മുരളീധരന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറത്ത്‌  2,10000 വോട്ടിന്റെ ഭൂരിപക്ഷം പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. ഏകദേശം 70,000 വോട്ടിന്റെ ഭൂരിപക്ഷം ഇടി.മുഹമ്മദ് ബഷീറിന് പൊന്നാനിയില്‍നിന്ന് ലഭിക്കുമെന്നും ലീഗ് വിലയിരുത്തി. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം വരെ ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മാത്രമല്ല ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് യു.ഡി.എഫിന് വോട്ടായി മാറിയിട്ടുണ്ടെന്നും ലീഗ് വിലയിരുത്തല്‍ നടത്തി.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പങ്കാളിത്തത്തെ കുറിച്ച് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടാവുകയും ചെയ്തു.പലയിടങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയില്ലെന്ന് കോഴിക്കോട് ചേര്‍ന്ന ലീഗ് സംസ്ഥാന സമതി യോഗം വിലിയിരുത്തി.

പ്രധാനമായും വടകരയിലേയും കോഴിക്കോട്ടെയും പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ലീഗിന് അതൃപ്തിയുള്ളത്. നിര്‍ണായക മത്സരം നടന്ന ഇവിടങ്ങളില്‍ താഴേതട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചില്ലെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. വടകരയിലും കോഴിക്കോട്ടും കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി ഉണര്‍ന്നില്ലെന്നും നിര്‍ജ്ജീവമായിരുന്നുവെന്നും വിമര്‍ശനമുണ്ട്.

ശക്തമായ മത്സരം നടന്ന വടകരയില്‍ ആദ്യഘട്ടം മുതലേ ലീഗിന്റെ വലിയ പിന്തുണയായിരുന്നു മുരളീധരന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പി.ജയരാജനായത് കൊണ്ട് തന്നെ കൈമെയ് മറുന്നുള്ള പ്രവര്‍ത്തനമായിരുന്നു ലീഗ് കാഴ്ചവെച്ചിരുന്നത്. ഇക്കാര്യം മുരളീധരന്‍ തന്നെ സമ്മതിക്കുന്നുണ്ട്. ലീഗിന് സ്വാധീനമുള്ളയിടങ്ങളിലെല്ലാം വീട് കയറി പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ചതും ലീഗ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ളയിടങ്ങളില്‍ പലയിടങ്ങളിലും സ്ലിപ്പുകള്‍ വീട്ടിലെത്തിക്കാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇതേ അവസ്ഥ തന്നെയായിരുന്നു കോഴിക്കോട്ടുമുണ്ടായിരുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് കൊണ്ട് നേതാക്കള്‍ കൂട്ടത്തോടെ വയനാട് കേന്ദ്രീകരിച്ചത് എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്നു കോണ്‍ഗ്രസിന്റെ പാങ്കാളിത്തം കുറച്ചു. ഇത് തിരഞ്ഞെടുപ്പിനിടയ്ക്ക് വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ വിലയിരുത്തലുമായി ലീഗ് രംഗത്തെത്തിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here