കാസർകോട്(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച് റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ. കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട പിലാത്തറ എ.യു.പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോണ്‍ഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഇത്. സംഭവത്തിൽ കുറ്റം തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്.
പിലാത്തറ എയുപി സ്കൂളിൽ കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ ഇന്നുരാവിലെയാണ് പുറത്തുവന്നത്. ഒരാൾ രണ്ടുതവണ വോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് കള്ളവോട്ട് നടത്തിയതെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബൂത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ കൂടുതൽ സ്വാധീനം ചെലുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൂത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനായില്ലെന്നും ദൃശ്യങ്ങളിലുണ്ട്. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗവും കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഉദ്യോഗസ്ഥർ പുരട്ടിയ മഷി ഉടൻ മായ്ക്കാൻ ശ്രമിക്കുന്നുണ്ട്.
കല്യാശേരിയിലും പയ്യന്നൂരിലും വ്യാപകമായി കള്ളവോട്ട് നടക്കുമെന്ന ആരോപണം കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. കാസർകോട്ടെയും കണ്ണൂരിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾ ഇക്കാര്യം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉന്നയിച്ചിരുന്നു.