കാസര്‍കോട്(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളില്‍ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഈ തെളിവുകള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്.
ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
774-ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തി. ഇവര്‍ കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തില്‍ ആറോളം പേര്‍ ഈ ഒരു ബൂത്തില്‍ മാത്രം കള്ളവോട്ടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മറ്റൊരു സ്ത്രീ വോട്ടര്‍ ഒരു മണിക്കൂറോളം വരി നിന്ന ശേഷം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് ആരോ ചെയ്തെന്ന് മനസ്സിലായി. തുടര്‍ന്ന് അവര്‍ക്ക് ദീര്‍ഘനേരം ബൂത്തില്‍ ഇരിക്കേണ്ടി വരികയും വോട്ട് ചെയ്യാനാകാതെ മടങ്ങി പോവേണ്ടിവരികയും ചെയ്തു.
കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു. ഇതിനെതിരെ കോടതിയില്‍ പോകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ കെ. സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും അറിയിച്ചു. എന്നാല്‍, ഈ ആരോപണത്തോട് പ്രതികരിക്കാന്‍ സിപിഎം തയാറായിട്ടില്ല.