കണ്ണൂര്‍(www.mediavisionnews.in): ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വിശകലനത്തിനൊന്നും നില്‍ക്കാതെ തൊട്ടടുത്തദിവസം പൈതൃകയാത്രയില്‍ കൊടപ്പനയ്ക്കല്‍ തറവാട്ടുകാര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലൊന്നും മുഴുകാതെയാണ് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിലെ പുരുഷന്‍മാരെല്ലാം ഇന്നലെ പൈതൃക യാത്രയുമായി കണ്ണൂരിലേക്ക് തിരിച്ചത്.
കടന്നുവന്ന സയ്യിദ് പാരമ്പര്യത്തിന്റെ താവഴിപ്പാതകള്‍ കുടുംബത്തിലെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് എഴുപതംഗ സംഘം കണ്ണൂരിലേക്ക് തിരിച്ചത്. ഹൈദരലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘത്തെ കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ കൊട്ടാരത്തില്‍ സ്വരൂപം ഉറുമിവീശി വാളും ആഹാരപ്പൊതിയും നല്‍കി സ്വീകരിച്ചു. അറക്കല്‍ മ്യൂസിയവും സമീപത്തെ മസ്ജിദും സംഘം സന്ദര്‍ശിച്ചു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പൈതൃകയാത്രയില്‍ പങ്കാളികളായി. ഒരുവര്‍ഷം മുമ്പ് പാണക്കാട് നടന്ന കൊടപ്പനക്കല്‍ കുടുംബസംഗമത്തിന്റെ തുടര്‍ച്ചയായിരുന്നു യാത്ര. നാലുമാസം മുമ്പ് തമിഴ്‌നാട് വെല്ലൂരിലെ ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ മഖ്ബറ കുടുംബത്തിലെ പുരുഷന്‍മാര്‍ സന്ദര്‍ശിച്ചിരുന്നു. 1862ല്‍ ബ്രിട്ടീഷുകാര്‍ ഹുസൈന്‍ ആറ്റക്കോയ തങ്ങളെ വെല്ലൂരിലേക്ക് നാട് കടത്തിയതായിരുന്നു. അദ്ദേഹത്തിന്റെ പിതൃ പൈതൃകത്തിലെ വല്യുപ്പ അലി ശിഹാബുദ്ധീന്‍ തങ്ങളുടെ കണ്ണൂര്‍ വളപട്ടണത്തെ പൈതൃകം തേടിയാണ് ഇന്നലെ സംഘം ഇവിടെയെത്തിയത്.
വളപട്ടണത്തെത്തിയ അലി ശിഹാബുദ്ധീനാണ് പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ പൂര്‍വികന്‍. അലി ശിഹാബുദ്ധീന്‍ ഹിജ്‌റ വര്‍ഷം 1181ലാണ് യെമനില്‍ നിന്ന് കേരളത്തിലെത്തിയത്. അലി ശിഹാബുദ്ധീന്റെ മകന്‍ ഹുസൈന്‍ തങ്ങളിലൂടെയാണ് ഗോത്രം വളര്‍ന്നത്. ഇവരുടെ മൂത്ത മകനായ മുഹ്‌ളാര്‍ മലപ്പുറത്ത് താമസമാക്കി. ജ്യേഷ്ഠന്റെ വീട് ‘പുത്തന്‍പുരയ്ക്കല്‍’ എന്നും അനുജന്റെ വീട് ‘കൊടപ്പനയ്ക്കല്‍’ എന്നും പിന്നീട് അറിയപ്പെട്ടു. പുത്തന്‍പുരയ്ക്കല്‍ മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മകനാണ് ശിഹാബ് തങ്ങളുടെ പിതാവായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍.
ഹുസൈന്‍ തങ്ങള്‍ ഒന്നാമന്‍ കണ്ണൂര്‍ അറയ്ക്കല്‍ രാജകുടുംബത്തില്‍ നിന്നാണ് വിവാഹം ചെയ്തിരുന്നത്. ഈ പൈതൃകമറിയുന്ന അറക്കല്‍ സ്വരൂപം കൊടപ്പനയ്ക്കല്‍ സംഘത്തിനു വന്‍ വരവേല്‍പാണ് നല്‍കിയത്. രാജസ്വരൂപ വംശപാരമ്പര്യത്തിന്റെ എല്ലാ ഉപചാരവും കൊടപ്പനയ്ക്കല്‍ സംഘത്തിന് അറക്കല്‍ നല്‍കി.
അബ്ബാസലി തങ്ങള്‍,സാബിഖലി തങ്ങള്‍, ബഷീറലി തങ്ങള്‍, സാലിഹ് തങ്ങള്‍ കോഴിക്കോട്, അബ്ദുല്‍റഷീദലി തങ്ങള്‍, നാസര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍,അബ്ദുല്‍ഹഖ് ശിഹാബ് തങ്ങള്‍ എന്നിവരുമടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ സിറ്റി അറക്കല്‍ കൊട്ടാരത്തിലെത്തിയത്.
മുതിര്‍ന്ന അംഗമായ ഹൈദരലി തങ്ങള്‍ മുതല്‍ കൊടപ്പനയ്ക്കല്‍ കുടുംബത്തിലെ ഇളംമുറക്കാരനായ ആറുവയസുകാരന്‍ ഹൈഫ് ശിഹാബ് തങ്ങള്‍ വരെ സംഘത്തിലെ കണ്ണിയായി. യാത്രയ്ക്കിടെ കോഴിക്കോട് കുറ്റിച്ചിറയില്‍ പൈതൃക തറവാടായ കുമ്മട്ടി വീട്ടിലും സംഘമെത്തി.
ഇ. അഹമ്മദിന്റെ കണ്ണൂരിലെ വീട്ടിലായിരുന്നു ഉച്ചഭക്ഷണമൊരുക്കിയത്. കണ്ണൂരിലെത്തിയ സംഘത്തെ മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, വി.പി വമ്പന്‍, ഇ. അഹമ്മദിന്റെ മകന്‍ റഈസ് അഹമ്മദ്, വി.പി ഷഫീഖ്, സി. സമീര്‍, ശുഹൈബ് കൊതേരി എന്നിവര്‍ അനുഗമിച്ചു.
കൊടപ്പനയ്ക്കല്‍ സംഘത്തെ അറയ്ക്കല്‍ ബീവിയുടെ പൗത്രന്‍ ഇംതിയാസ് അഹമ്മദ് ആദിരാജ, ഹാമിദ് ഹുസൈന്‍ കോയമ്മ ആദിരാജ, മുഹമ്മദ് സിയാദ് ആദിരാജ, പ്രൊഫ. കോയമ്മ, മുഹമ്മദ് കോയമ്മ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അറയ്ക്കല്‍ ബീവിയുടെ സന്ദേശം അറയ്ക്കല്‍ മ്യൂസിയം ഡയരക്ടര്‍ മുഹമ്മദ് ഷിഹാദ് തങ്ങള്‍ സംഘത്തെ അറിയിച്ചു. വളപട്ടണത്തെ മഖ്ബറയിലെ പ്രാര്‍ഥന പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ സംഘം തിരികെ മടങ്ങി.