മലപ്പുറം(www.mediavisionnews.in): സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുൽ ഗാന്ധിക്ക് ലഭിക്കുമെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി കെൃ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ഉയർന്ന പോളിങ് യുഡിഎഫ് തരംഗത്തിന്‍റെ തെളിവാണ്. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പരാതി ഉയർന്നത് നിർഭാഗ്യകരമാണ്. അതിന്‍റെ ഫലം കാത്തിരുന്ന് കാണണമെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പോളിങ് കണക്കുകൾ യുഡിഎഫിന് അനുകൂലമാണ്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല. അതേസമയം ശബരിമല ഇടതുപക്ഷത്തിന് തിരിച്ചടിയാകും.
വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പരാതി ആശങ്കയുണ്ടാകുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പൊന്നാനിയില്‍ യുഡിഎഫിന്‍റെ വോട്ട് ശതമാനം കുറഞ്ഞിട്ടില്ല. കുറഞ്ഞത് ഇടത് വോട്ടുകളാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
യുഡിഎഫ് കേന്ദ്രങ്ങളിലാണ് വോട്ടിംഗ് ശതമാനം കൂടിയിരിക്കുന്നത്. മലപ്പുറത്ത് വോട്ട് ശതമാനം കൂടിയിട്ടുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യതയില്ല. ശബരിമല വിഷയത്തില്‍ ഉണ്ടായത് സംസ്ഥാന സര്‍ക്കാരിന്‍റെ നയ വൈകല്യമാണ്. അത് ഇടതുപക്ഷത്തിന് എതിരായി വോട്ടാകും. എന്നാല്‍ ആ വോട്ടുകള്‍ ബിജെപിക്ക് പോകില്ല. ശബരിമല വിഷയത്തില്‍ ഇരുവരും തുല്യ പങ്കാളികളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.