കാസർകോട്ട് 80.51 ശതമാനം പോളിങ്, ഒരുലക്ഷംപേർ കൂടുതലായി വോട്ടുചെയ്തു

0
467

കാസർകോട്(www.mediavisionnews.in): വോട്ടർമാർ തീരുമാനിച്ചുറച്ചതു പോലെയുണ്ടായിരുന്നു. മണിക്കൂറുകൾ കാത്തുനിൽക്കാനും അവർക്ക് മടിയുണ്ടായില്ല. യന്ത്രത്തകരാറ് പലേടത്തും ആവേശംകെടുത്തിയെങ്കിലും സമ്മതിദാനാവകാശം വിനിയോഗിച്ചേ അവർ പിൻമാറിയുള്ളൂ. കാഞ്ഞങ്ങാട് വെള്ളിക്കോത്തുപോലുള്ള സ്ഥലങ്ങളിൽ രാത്രി ഒൻപതുവരെ കാത്തുനിന്ന് വോട്ടുചെയ്തവരുണ്ട്. കാസർകോട് മണ്ഡലത്തിൽ പോളിങ്‌ ശതമാനം 80 കഴിഞ്ഞു. മുൻതവണത്തെ അന്തിമ കണക്ക് 78.41 ശതമാനമായിരുന്നു.

ശതമാനക്കണക്കിൽ വർധന ചെറുതാണെങ്കിലും 2014-നെക്കാൾ ഒരുലക്ഷത്തിലേറെപ്പേർ കൂടുതലായി വോട്ടുചെയ്തുവെന്ന് ഇത് കാണിക്കുന്നു. കാരണം ഇത്തവണ 1,17,097 വോട്ടർമാർ മൊത്തം കൂടിയിരുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തവണ വോട്ടുചെയ്തവരുടെ എണ്ണം കൂടിയിട്ടുണ്ട്. മൂന്നുമുന്നണിക്കും പ്രതീക്ഷയ്ക്കും ഉത്‌കണ്ഠയ്ക്കും വഴിതുറക്കുന്നു ഈ കണക്ക്.

ഏഴ്‌ നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 13,60,827 വോട്ടർമാരിൽ 10,73,030 പേർ വോട്ടുചെയ്തു. 4,94,883 (75.38 ശതമാനം) പുരുഷന്മാരും 5,78,146 (82.07 ശതമാനം) സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളാണ് വോട്ട് ശതമാനത്തിൽ മുന്നിട്ടുനിൽക്കുന്നത്.

ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ പതിവുപോലെ കനത്ത പോളിങ് നടന്നു. പ്രാഥമിക കണക്കനുസരിച്ച് പയ്യന്നൂരിൽ 84.73 ശതമാനം, കല്യാശ്ശേരിയിൽ 81.74 ശതമാനം, തൃക്കരിപ്പൂരിൽ 80.28 ശതമാനം, കാഞ്ഞങ്ങാട്ട് 78.59 ശതമാനം.

യു.ഡി.എഫ്. കേന്ദ്രങ്ങളിലും വർധനയുണ്ട്. മഞ്ചേശ്വരത്ത് 72.72 ശതമാനം, കാസർകോട്ട് 74.16 ശതമാനം. ബി.ജെ.പി.യും കരുത്ത് തെളിയിക്കുന്നത് ഇവിടെയാണ്. കനത്ത പോരാട്ടത്തിന്റെ സൂചനയാണിത്. ഒരുമാസം ചങ്കിടിപ്പോടെ കാത്തിരിക്കണം. 1,317 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ നടന്ന വോട്ടെടുപ്പിൽ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അനുവദിച്ചതായി അധികൃതർ അറിയിച്ചു.

വോട്ടിങ്‌ യന്ത്രത്തിന്റെ പതിവില്ലാത്ത തകരാറാണ് ഇത്തവണത്തെ പ്രത്യേകത. ഏകദേശ കണക്കനുസരിച്ച് 44 വിവിപാറ്റ്, 15 ബാലറ്റ് യൂണിറ്റ്, 15 കൺട്രോൾ യൂണിറ്റ് എന്നിവയ്ക്ക് തകരാറുണ്ടായി. ആകെ 74 എണ്ണം. മൊത്തമുള്ള 1,317 ബൂത്തുകളിൽ അഞ്ചുശതമാനത്തിലേറെ കേന്ദ്രങ്ങളിൽ ഇത് വിഷമം സൃഷ്ടിച്ചു. കാത്തുനിന്ന് മടുത്ത് ചില വോട്ടർമാരെങ്കിലും മടങ്ങി. മന്ത്രി ഇ.ചന്ദ്രശേഖരൻ കോളിയടുക്കം സ്കൂളിൽ ഒരുമണിക്കൂറിലേറെ കാത്തുനിൽക്കേണ്ടിവന്നു.

അപ്രതീക്ഷിതമായിവന്ന കനത്ത മഴയും കാറ്റും കാരണം ബിരിക്കുളം എ.യു.പി. സ്കൂളിലെ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് കുറച്ചുനേരം നിർത്തിവെയ്ക്കേണ്ടിവന്നു. കാത്തുനിന്ന് മടുത്ത് പലരും വീട്ടിലേക്ക് മടങ്ങി. വോട്ടിങ്‌ പുനരാരംഭിച്ചതറിഞ്ഞ് ചിലർ മടങ്ങിയെത്തിയെങ്കിലും ആറുമണികഴിഞ്ഞെന്നുപറഞ്ഞ് ഉദ്യോഗസ്ഥർ ഇവരെ വോട്ടുചെയ്യാൻ അനുവിദിക്കാഞ്ഞത് സംഘർഷത്തിനിടയാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെത്തുടർന്ന് ശ്രദ്ധാകേന്ദ്രമായിമാറിയ കല്യോട്ട് കനത്ത പോളിങ്‌ നടന്നു. ഇവിടെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലം തെക്കിലിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു. പടന്നക്കാട്ടും ചെറിയ സംഘർഷമുണ്ടായി.

സമാധാനപരമെന്ന് കളക്ടർ

ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. ജില്ലയിലെ പ്രശ്നബാധിതമായി കണക്കാക്കിയ 43 ബൂത്തുകളിലെ പ്രവർത്തനങ്ങൾ കളക്ടർ ഡോ. ഡി.സജിത് ബാബുവും സംഘവും വോട്ടെടുപ്പ് കഴിയുന്നവരെ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ പ്രത്യേകം സജ്ജമാക്കിയ കൺട്രോൾ റൂമിലിരുന്ന്‌ നിരീക്ഷിച്ചു. 71 മറ്റ് ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചിരുന്നു. ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രമായ പടന്നക്കാട് നെഹ്രു ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിലെ 15 സ്‌ട്രോങ് റൂമുകളിലായാണ് 1,317 ബൂത്തുകളിലെ വിവിപാറ്റ് ഉൾപ്പെടെയുള്ള വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമുകൾ സീൽചെയ്ത് താക്കോൽ പോലീസിന് കൈമാറും. വോട്ടെണ്ണൽദിവസമായ മേയ് 23 വരെ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here