കനത്ത പോളിംഗ് രേഖപ്പെടുത്തി കേരളം; വയനാട്ടില്‍ റെക്കോര്‍ഡ് വോട്ടിംഗ്, പോളിംഗ് തുടരുന്നു

0
481

തിരുവനന്തപുരം(www.mediavisionnews.in): കേരളം റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തിലേക്ക്. സമയപരിധി അവസാനിച്ചിട്ടും മിക്ക ബൂത്തുകളിലും ഇപ്പോളും പോളിംഗ് തുടരുകയാണ്. നിലവില്‍ പോളിംഗ് 74.19%കഴിഞ്ഞു. വയനാട്ടില്‍ പോളിംഗ് 76% കഴിഞ്ഞു. 20 മണ്ഡലങ്ങളില്‍ പോളിംഗ് 70% പിന്നിട്ടു.

സംസ്ഥാനത്തെ എല്ലാ കോണുകളിലുള്ള ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണുന്നത് വോട്ടിംഗ് സമയം അവസാനച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞിട്ടും ക്യൂ തുടരുകയാണ്. പോളിംഗ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പൊന്നാനി ഒഴിച്ച് കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനം കടന്നിട്ടുണ്ട്. ആറ് മണിക്ക് പോളിംഗ് ബൂത്തിന്റെ ഗേറ്റ് പൂര്‍ണമായും അടച്ചു. സംസ്ഥാനത്ത് എല്ലായിടത്തും ഇത് ബാധകമായിരിക്കും. ആറ് മണിക്ക് ശേഷം ആരേയും വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല.

ആറ് മണിക്ക് ഗേറ്റ് അടച്ച ശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയാണ് വോട്ടിംഗ് തുടരുന്നത്. സംസ്ഥാനത്തെ പലയിടത്തും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായതിനാല്‍ പോളിംഗിനെ ബാധിച്ചിരുന്നു. പലയിടത്തും പോളിംഗ് മന്ദഗതിയിലാണെന്ന ആക്ഷേപം ഉയര്‍ന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് എല്ലായിടത്തും പോളിംഗ് നടപടികള്‍ പൂര്‍ത്തിയാവാന്‍ ഏഴ് മണിയെങ്കിലും ആയേക്കും. കൃത്യം പോളിംഗ് ശതമാനം സംബന്ധിച്ച അന്തിമകണക്ക് രാത്രിയോടെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായ മൂന്നാംഘട്ടത്തില്‍ 117 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ കൂടാതെ ജമ്മു കാശ്മീരിലെ ഒന്ന്, ബിഹാറിലെ അഞ്ച്, പശ്ചിമബംഗാളിലെ അഞ്ച്, അസമിലെ നാല്, ഉത്തര്‍പ്രദേശിലെ 10, , മഹാരാഷ്ട്രയിലെ 14, ചത്തീസ്ഗഡിലെ 7, ഒഡീഷയിലെ 6, കര്‍ണാടകയിലെ 14, ഗുജറാത്തിലെ 26, ത്രിപുരയിലെയും ഗോവയിലെയും രണ്ട് വീതം, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗര്‍ ഹവേലി , ദാമന്‍ ദ്യൂ ( ഓരോന്നു വീതം) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here