കാസര്‍ഗോഡ്(www.mediavisionnews.in): ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ കാസര്‍ഗോഡ് യു.ഡി.എഫ് ബൂത്ത് എജന്റിന് കുത്തേറ്റു. കാസര്‍ഗോഡ് തെക്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്‍ ജലീലിനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
നേരത്തെ കണ്ണൂര്‍ തളിപറമ്പിലെ കുറ്റിയാട്ടൂര്‍ എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തിലെ വോട്ടിംഗ് യന്ത്രം നിലത്തു വീണ് പൊട്ടിയിരുന്നു. ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് വോട്ടിംഗ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചു.
പശ്ചിമ ബംഗാളിലും ഇന്ന് സംഘര്‍ഷത്തിനിടെ ഒരു വോട്ടര്‍ കുത്തേറ്റു മരിച്ചു.പിയറുല്‍ ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. മുര്‍ഷിദാബാദിലെ ഭാഗ്വന്‍ഗോളയില്‍ വോട്ടു ചെയ്യാനായി ക്യൂ നില്‍ക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലും പലയിടങ്ങളിലും സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി ക്യാമ്പ് ഓഫീസ് കൊള്ളയടിച്ചതായും ആരോപണമുണ്ട്. മോത്തിഗുഞ്ച് മേഖലയിലെ ഓഫീസ് കൊള്ളയടിച്ചെന്നാണ് ആരോപണം.
ഉത്തര്‍ദിനാജ്പൂരിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.