വോട്ട് മാറിയെന്ന പരാതി തെളിയിക്കാനായില്ല; വോട്ടര്‍ക്കെതിരെ കേസെടുത്തു

0
458

തിരുവനന്തപുരം(www.mediavisionnews.in): വോട്ടു ചെയ്ത സ്ഥാനാര്‍ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നു പരാതിയുന്നയിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലാണ് എബിന്‍ വോട്ട് ചെയ്തത്.

ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ സ്ലിപ്പാണു വീണതെന്നുമായിരുന്നു എബിന്റെ പരാതി. റിട്ടേണിങ് ഓഫിസര്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധനാ വോട്ട് നടത്തിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എബിനെതിരെ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസെടുത്തതെന്ന് മെഡിക്കല്‍ കോളജ് സിഐ പറഞ്ഞു.

വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ ടീക്കാറം മീണ അറിയിച്ചു. ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പോലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ടീക്കാറാം മീണ അറിയിച്ചു.

വിവിപാറ്റ്: പരാതിയുണ്ടെങ്കിൽ

വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരല്ല വിവിപാറ്റ് രസീതിൽ കണ്ടതെന്നു പരാതിയുണ്ടെങ്കിൽ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിക്കാം. തുടർന്നു പരാതി ശരിയല്ലെങ്കിലുള്ള ശിക്ഷയെക്കുറിച്ച് അദ്ദേഹം വോട്ടർക്കു പറഞ്ഞു കൊടുക്കും. പരാതിയുമായി മുന്നോട്ടു പോകാമെന്നാണെങ്കിൽ വീണ്ടും ടെസ്റ്റ് വോട്ട് ചെയ്യാൻ അവസരം നൽകും. ഇത്തവണ വോട്ട് ചെയ്യുമ്പോൾ പ്രിസൈഡിങ് ഓഫിസറും പോളിങ് ഏജന്റുമാരും സാക്ഷികളാകും.

വോട്ട് ചെയ്തത് ആർക്കാണോ അതേയാളുടെ പേരിൽ ഉള്ള രസീതാണു വിവിപാറ്റിൽ കാണിക്കുന്നതെങ്കിൽ, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നൽകുന്നവർക്ക് 6 മാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ തെറ്റായ സ്ഥാനാർഥിയുടെ പേരാണു രസീതിൽ വരുന്നതെങ്കിൽ പോളിങ് നിർത്തിവയ്ക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here