കൊച്ചി(www.mediavisionnews.in): ചികിത്സയ്ക്കായി മംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ ഒമ്പതോടെ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് നാലിനാണ് പൂര്‍ത്തിയായത്.
കാര്‍ഡിയോ – പള്‍മണറി ബൈപ്പാസിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിലൂടെ ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും ചെയ്തു. മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.
അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഈ സമയം കുഞ്ഞ് ഐസിയുവില്‍ ആയിരിക്കും. ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ നിരന്തരം നിരന്തരം നിരീക്ഷിച്ചു വരികയാണ്. കുഞ്ഞിന്റെ അവസ്ഥ വളരെ സങ്കീര്‍ണമായതിനാല്‍ അപകടസാധ്യത എറെയുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.
കാസര്‍കോട് സ്വദേശികളായ സാനിയ- മിസ്ത്താഹ് ദമ്പതിമാരുടെ പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ ചൊവാഴ്ച വൈകുന്നേരം നാലരയോടെയാണ് അമൃതയിലെത്തിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരും വഴി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടാണ് അമൃതാ ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കിയത്. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ.