മുസ്‍ലിംങ്ങള്‍ക്കെതിരായ വിവാദ പരാമർശം: ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ

0
656

തിരുവനന്തപുരം (www.mediavisionnews.in): തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ. പരാമർശം ജനപ്രാതിനിധ്യനിയമത്തിന്‍റെ ലംഘനമെന്ന് മുഖ്യതിര‍ഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ വിലയിരുത്തി. നടപടി വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

പി.എസ്.ശ്രീധരൻ പിള്ള മുസ്‌ലിംവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിരുന്നു. എൽഡിഎഫ് ശ്രീധരൻപിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുകയും ചെയ്തു. പ്രസംഗം വിവാദമായതോടെ, വാചകങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വർഗീയവികാരമിളക്കി വിടാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി ബിജെപിയും രംഗത്തെത്തി. ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലാണു വിവാദ പരാമർശം.

പ്രസംഗം ഇങ്ങനെ: ‘പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻപറ്റൂ.’ ഈ പരാമർശത്തിനെതിരെയാണ് സിപിഎമ്മും കോൺഗ്രസും മുസ്‌ലിംലീഗും രംഗത്തെത്തിയത്.

‘ദുർവ്യാഖ്യാനം ചെയ്യുന്നു’

മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ നഷ്ടപ്പെടുമോയെന്ന ഭീതിയിൽ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ പരാമർശങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വർഗീയവികാരമിളക്കി വിടാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. ബാലാക്കോട്ടിൽ കൊല്ലപ്പെട്ട പാക്ക് ഭീകരരെ സംബന്ധിച്ച വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന സാം പിത്രോദ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയെ പരാമർശിച്ച് ഉന്നയിച്ച ചോദ്യം ദുർവ്യാഖ്യാനം ചെയ്ത് നേട്ടം കൊയ്യാമെന്നാണ് സിപിഎം, കോൺഗ്രസ് നേതാക്കൾ വ്യാമോഹിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്കെതിരെ പ്രസംഗത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പരാമർശവും ഇല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here