ദില്ലി(www.mediavisionnews.in): തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ച് അധികാരത്തിലേറിയാല്‍ എന്തെല്ലാം നടപ്പില്‍ വരുത്തുമെന്ന് വ്യക്തമാക്കി, തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികകള്‍ പുറത്തിറക്കാറുണ്ട്. വിജയിച്ചു കഴിഞ്ഞാല്‍ ഇതില്‍ ഭൂരിഭാഗവും നടപ്പിലാക്കാറില്ലെങ്കിലും വാഗ്ദാനങ്ങളുടെ പെരുമഴയായിരിക്കും പത്രികയില്‍ ഉണ്ടാകുക. അത്തരത്തിലൊരു പ്രകടന പത്രികയാണ് ദില്ലിയില്‍ സഞ്ജി വിരാസത് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്.
ജനങ്ങളുടെ കണ്ണ് മഞ്ഞളിക്കുന്ന ഇവരുടെ പ്രഖ്യാപനങ്ങള്‍ക്ക് ഏഴയലത്ത് വരില്ല മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും പ്രഖ്യാപനങ്ങളെന്ന് ഉറപ്പാണ്. പകുതി വിലയ്ക്ക് മദ്യം, ഈദിന് എല്ലാ മുസ്ലീം കുടുംബങ്ങള്‍ക്കും ആട് തുടങ്ങി അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് പാര്‍ട്ടി നടത്തിയിരിക്കുന്നത്. ഇത് കൂടാതെ, പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെട്രോ അതല്ലെങ്കില്‍ ബസില്‍ സൗജന്യ യാത്ര, കുടുംബത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 50,000 രൂപ സര്‍ക്കാര്‍ പാരിതോഷികം, പെണ്‍കുട്ടികളുടെ വിവാഹത്തിന് 2,50,000രൂപ സഹായം, തൊഴില്‍ രഹിതര്‍ക്ക് മാസം തോറും 10,000 രൂപയുടെ സഹായം, പ്രായമായവര്‍ക്കും വിധവകള്‍ക്കും അംഗപരിമിതര്‍ക്കും 5000 പെന്‍ഷന്‍, തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പാര്‍ട്ടി പ്രകടന പത്രികയില്‍.
ഒപ്പം പ്രൈവറ്റ് ആശുപത്രിയിലെ ചികിത്സയ്ക്ക് പത്തു ലക്ഷം രൂപ വരെ സഹായവും ലഭിക്കും. പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ കണ്ട്, ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന പ്രതീക്ഷയിലാണ് സഞ്ജി വിരാസത് പാര്‍ട്ടി. ദില്ലിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 12 ന് തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ നടക്കും. ഏപ്രില്‍ 16 ആണ് പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ദിനം. ഈ പ്രഖ്യാപനങ്ങള്‍ കണ്ട് ജനം വോട്ടു കുത്തുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ.