ന്യൂദല്‍ഹി(www.mediavisionnews.in): മുഖ്യമന്ത്രിയാവാന്‍ ബി.എസ് യെദ്യൂരപ്പ് 1800 കോടി കോഴ നല്‍കിയെന്ന ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് നേരത്തെ പുറത്തു കൊണ്ടുവന്ന ഡയറിയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ബി.ജെ.പി കേന്ദ്രകമ്മിറ്റിയ്ക്കും കേന്ദ്ര നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയതിന്റെ തെളിവാണ് ഡയറിയിലുള്ളത്. നേരത്തെ പുറത്തു വിട്ടത് ഡയറിയുടെ പകര്‍പ്പ് മാത്രമാണെന്നും ഒറിജിനല്‍ ഹാജരാക്കണമെന്നും ബി.ജെ.പി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. ഇന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
യഥാര്‍ത്ഥ ഡയറി ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് കപില്‍ സിബല്‍ പുറത്തു വിട്ടിട്ടുള്ളത്. ഒറിജിനല്‍ ഡയറി തന്റെ പക്കലുണ്ടെന്നും ആവശ്യമായി വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നും ആരോപണത്തില്‍ ലോക്പാല്‍ ഇടപെടണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഒരു മാസം മുന്‍പാണ് യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തു വിട്ടത്. എന്നാല്‍ അന്ന് യഥാര്‍ത്ഥ ഡയറി കൊണ്ടുവരാന്‍ ബി.ജെ.പി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയായിരുന്നു.
2008 മെയ് മുതല്‍ 2011 മെയ് വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ കര്‍ണാടക നിയമസഭയുടെ 2009ലെ ഔദ്യോഗിക ഡയറിയില്‍ കന്നട ഭാഷയില്‍ സ്വന്തം കൈപ്പടയിലാണ് കോഴവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്‌നാഥ്‌സിങ്ങിന് 100 കോടിരൂപയും മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടിവീതവും കൈമാറി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് പാരിതോഷികമെന്ന നിലയില്‍ 10 കോടികൂടി സമ്മാനിച്ചതായും ഡയറിയില്‍ വെളിപ്പെടുത്തലുണ്ട്.
യെദ്യൂരപ്പ പ്രതിയായിരുന്ന അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്ത ജഡ്ജിമാര്‍ക്ക് 200 കോടി കോഴയും ഹാജരായ അഭിഭാഷകര്‍ക്ക് 50 കോടി പ്രതിഫലവും നല്‍കിയതായും ഡയറിയില്‍ പറയുന്നു.