കാസർകോട് ചെങ്കൊടി പാറുമോ? പോരാട്ടം ഇഞ്ചോടിഞ്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം

0
483

തിരുവനന്തപുരം(www.mediavisionnews.in): സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ലോക്സഭയിലേക്ക് എകെജി എന്ന പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്ത മണ്ഡലമാണ് കാസർകോട്. 1971ൽ സാക്ഷാൽ ഇ കെ നായനാരെ കടന്നപ്പള്ളി രാമചന്ദ്രൻ അട്ടിമറിച്ചു. 1977ലും 1984ലും കാലിടറിയെങ്കിലും അതിന് ശേഷം എട്ട് തവണ സിപിഎം സ്ഥാനാർത്ഥികൾ മാത്രം കാസർകോട് നിന്ന് ജയിച്ചുകയറി. അവസാനം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ എകെജിയുടെ മരുമകൻ കൂടിയായ സിപിഎം നേതാവ് പി കരുണാകരൻ മൂന്ന് തവണയാണ് കാസർകോട് നിന്ന് ജയിച്ചത്. കാസർകോട് ഇത്തവണയും ചെങ്കൊടി പാറുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേ ഫലം.

കെ പി സതീഷ് ചന്ദ്രനും രാജ്മോഹൻ ഉണ്ണിത്താനും തമ്മിൽ തന്നെ ആയിരിക്കും പ്രധാന മത്സരം നടക്കുക. 34 ശതമാനം വോട്ട് ഷെയർ നേടി കെ പി സതീഷ് ചന്ദ്രൻ ഒന്നാമതെത്തുമെന്നും വെറും ഒരു ശതമാനത്തിന്‍റെ വ്യത്യാസത്തിൽ 33 ശതമാനം വോട്ട് നേടി രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാമതെത്തുമെന്നും സർവേ പ്രവചിക്കുന്നത്. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാർ 17 ശതമാനം വോട്ട് ഷെയർ നേടി മൂന്നാമതെത്തും.

കല്ല്യോട്ടെ ഇരട്ടക്കൊല വിഷയം പ്രചാരണത്തിലെ സജീവ ചർച്ചയാക്കിയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ തുടക്കം മുതൽ യുഡിഎഫ് പ്രചാരണത്തെ സജീവമാക്കുകയും ചെയ്തു. എന്നാൽ മണ്ഡലത്തിൽ ഇടതുമുന്നണിക്കുള്ള കരുത്തും നാട്ടുകാരനെന്ന മുൻതൂക്കവും കെ പി സതീഷ് ചന്ദ്രന്‍റെ സംശുദ്ധരാഷ്ട്രീയ വ്യക്തിത്വവും കാസർകോട് വിജയം ഇടതിനൊപ്പം നിർത്തുമെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്.

കാസർകോട് മണ്ഡലത്തിലെ ആകെ വോട്ടർമാർ 13,60,827 പേരാണ്. സമ്മതിദായകരിൽ 7,04,393 സ്ത്രീകളും 6,56,443 പുരുഷന്മാരുമാണ്. കൂടാതെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് ഒരു വോട്ടറും സമ്മതിദായക പട്ടികയിലുണ്ട്. പുതിയതായി 36,440 പേരാണ് പട്ടികയിൽ ഇടം നേടിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here