കുമ്പള(www.mediavisionnews.in): ദേശീയപാതക് സ്ഥലം വിട്ടു നൽകിയതിൽ കുടുംബത്തിന് ലഭിച്ച തുകയുടെ ഒരു വിഹിതം നൽകാത്തത് ചോദിച്ച വിരോധത്തിന് പത്തൊമ്പത്ക്കാരനെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചതായി പരാതി. അടിയേറ്റ് പരിക്കേറ്റ ഉപ്പള നയാബസാറിലെ മുജാഹിർ ഹുസൈനെ (19) കുമ്പള ജില്ലാസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപ്പള നയാബസാറിൽ മുജാഹിർ ഹുസൈന്റെ പിതാവിനും ജ്യേഷ്ഠ സഹോദരനും അവകാശപ്പെട്ട അരസെന്റ് സ്ഥലവും വീടും ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നൽകിയിരുന്നു. ഇതിന് 28 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിരുന്നു. മുജാഹിർ ഹുസൈന്റെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് തുകയിൽ 15 ലക്ഷം അദ്ദേഹത്തിന്റെ കുടുംബത്തിനും ബാക്കി 13 ലക്ഷം ജ്യേഷ്ഠ സഹോദരന്റെ കുടുംബത്തിനും നൽകാനുമാണ് ധാരണയുണ്ടായിരുന്നത്. എന്നാൽ 15 ലക്ഷം രൂപ മുജാഹിർ ഹുസൈന്റെ കുടുംബത്തിന് നൽകാത്തത് ചോദ്യം ചെയ്ത വിരോധത്തിനാണ് ഇരുമ്പ് വടികൊണ്ടടിച്ചതെന്നാണ് പരാതി.