ഉപ്പള(www.mediavisionnews.in): ഗുണ്ടാ ആക്രമണത്തിനും കൊലപാതകങ്ങൾക്കും ഇടക്കാലത്ത് ശമനം ഉണ്ടായ ഉപ്പളയിൽ മേൽകൈ സ്ഥാപിക്കാൻ ഗുണ്ടാ സംഘങ്ങൾ സജീവമായതായി പോലീസ് റിപ്പോർട്ട്. ഗുണ്ടാ സംഘങ്ങൾ സജീവമായതോടെ അക്രമവും പതിവായി. സംഘത്തെ ഉടനടി അടിച്ചമർത്താനായില്ലെങ്കിൽ വീണ്ടും ചോരപ്പുഴ ഒഴുകാൻ ഇടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോർട്ട് നൽകി. പൂഴി-കോഴിക്കടത്തുക്കാരിൽ നിന്നും അഫ്ത്ത പിരിച്ച് കൊണ്ടാണ് ഉപ്പള കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങൾ നേരത്തെ സജീവമായിരുന്നത്. സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ ഏതാനും പേർക്ക് ജീവൻ വരെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഏറെക്കാലമായി ഉപ്പളയിൽ നിന്നും ഗുണ്ടാ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിലും അടുത്തകാലത്തായി വീണ്ടും സജീവമായതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇന്നലെയും മിനിഞ്ഞാന്നും ഉണ്ടായ ആക്രമ സംഭവങ്ങൾക്ക് പിന്നിൽ ഇരു വിഭാഗത്തും നിലയുറപ്പിച്ചിട്ടുള്ള സംഘമാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.