കോട്ടയം(www.mediavisionnews.in): രാഹുൽഗാന്ധിയെ കാണാനില്ല. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ അപരൻ കെ ഇ രാഹുൽ ഗാന്ധിയെയാണ് കാണാനില്ലാത്തത്. എരുമേലി സ്വദേശിയായ രാഹുൽ പത്രികാ സമർപ്പണത്തിന് ശേഷം വീട്ടുകാരുമായി പോലും ബന്ധപ്പെട്ടിട്ടില്ല.
രാഹുൽ ഗാന്ധിയുടെ അപരനെ അന്വേഷിച്ച് എരുമേലി മുട്ടപ്പള്ളി ഇളയാനിതോട്ടം വീട്ടിൽ എത്തിയപ്പോൾ ഭാര്യ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ച് വിവരമില്ല. നാടൻപാട്ടുകലാകാരനയ കെ ഇ രാഹുൽഗാന്ധി ആലപ്പുഴയിൽ പരിപാടിയുണ്ടെന്ന് പറഞ്ഞ് ചൊവ്വാഴ്ച പോയതാണ് രാഹുല്‍ ഗാന്ധി. പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് ഭാര്യ നല്‍കുന്ന വിവരം. ഇടക്ക് സുഖമെന്ന വാട്സ്അപ് സന്ദേശം മാത്രമാണ് ലഭിച്ചത്.
അപരനായി പത്രിക നൽകുന്ന കാര്യം ഭാര്യയോട് പോലും വെളിപ്പെടുത്തിയിട്ടില്ല.വാർത്ത വന്നപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. രാഹുൽ കൊച്ചാപ്പി എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹത്തിന്റ യഥാർത്ഥ പേര് രാഹുൽഗാന്ധിയെന്നാണെന്ന് സുഹൃത്തുക്കളൊക്കെ അറിയുന്നത് ഇപ്പോഴാണ്.
കോൺഗ്രസ് അനുഭാവിയായിരുന്ന അച്ഛനാണ് മകന് രാഹുൽഗാന്ധിയെന്ന് പേരിട്ടത്. രാഹുലിന്റ അനുജന്റ പേര് രാജീവ് ഗാന്ധിയെന്നും. പക്ഷെ രാഹുലും രാജീവും ഇടതുപക്ഷ സഹയാത്രികരാണ്. കാര്യവട്ടം ക്യാമ്പസിൽ ഗവേഷക വിദ്യാർത്ഥിയായ രാഹുൽ ഭാര്യയെയും മകനെയും എരുമേലിയിൽ കൊണ്ടുവിട്ട ശേഷമാണ് പത്രിക നൽകാൻ പോയത്.
അപരന്റെ സ്ഥാനാർത്ഥിത്വം വലിയ വാർത്തയായതോടെ ഭാര്യക്ക് ആശങ്കയുണ്ട്. നാടൻപാട്ട് കലാകാരനുള്ള സംസ്ഥാന സർക്കാരിന്റ അവാർഡ് നേടിയ രാഹുൽ ഇപ്പോൾ അപരനായും താരമായി.