അബുദാബി(www.mediavisionnews.in): അബുദാബിയിലെ ക്ഷേത്രം ഉദ്ഘാടന ചടങ്ങിന് മോദിയെ ക്ഷണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ അബുദാബി കിരീടാവകാശിക്കും സൗദി അറേബ്യയ്ക്കും മുന്‍ നയതന്ത്രജ്ഞരുടെയും വിദഗ്ധരുടെയും വിമര്‍ശനം. ഏപ്രില്‍ 20ന് അബുദാബിയിലെ സ്വാമി നാരായണ്‍ സെക്ടിലെ ഹിന്ദു ക്ഷേത്രത്തിന്റെ രണ്ടാം ശിലാസ്ഥാപന ചടങ്ങില്‍ മോദിയെ ക്ഷണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ഇത്.
അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സാഇദ് നടപടി തെരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കുന്നതാണെന്നാണ് നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനിടെയാണ് മോദിയെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു വോട്ടര്‍മാരെ പ്രകോപിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ മോദി ശ്രമിക്കുന്ന സാഹചര്യത്തില്‍ അതിന് വളമിട്ടുകൊടുക്കുന്ന നടപടിയാണ് അബുദാബിയുടേതെന്നാണ് മുന്‍ നയതന്ത്രജ്ഞന്‍ കെ.സി സിങ്ങിന്റെ വിമര്‍ശനം.
‘ ഏപ്രിലില്‍ മോദി അബുദാബി ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്ത കണ്ടു. പെരുമാറ്റചട്ടം? മോദിയെ പിന്തുണച്ചുകൊണ്ട് അപകടകരമായ കളിയാണ് സൗദിയിലെയും അബുദാബിയിലെയും കിരീടാവകാശിമാര്‍ ചെയ്യുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്നത് വിദേശ രാഷ്ട്രങ്ങള്‍ ഒഴിവാക്കണം.’ കെ.സി സിങ് വിമര്‍ശിക്കുന്നു.
സിങ്ങിന്റെ നിലപാട് തന്നെയാണ് അംബാസിഡറായ രാജീവ് അറോറയുടേതും. ‘ഗള്‍ഫ് ഭരകൂടത്തില്‍ ഏറ്റവും ലിബറലാണ് യു.എ.ഇ. അവരുമായുള്ള നമ്മുടെ ബന്ധത്തിന് ഏറെ പഴക്കമുണ്ട്. പക്ഷേ ഈ തെരഞ്ഞെടുപ്പ് സമയത്ത് ശിലാസ്ഥാപന ചടങ്ങില്‍ മോദിയെ ക്ഷണിക്കുന്നത് അവര്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കപ്പെടും.’
2018 ഫെബ്രുവരിയില്‍ മോദി യു.എ.ഇ സന്ദര്‍ശിച്ചവേളയില്‍ ഇതേ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതിനിടെ, ചടങ്ങിന്റെ പരസ്യങ്ങളിലൊന്നും മോദി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. മോദി ചടങ്ങില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിയും ക്ഷേത്ര നിര്‍മാണ സമിതിയും തള്ളിയിട്ടുമുണ്ട്.