കല്‍പ്പറ്റ(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയാനാട്ടില്‍ നിന്ന് അങ്കം കുറിക്കാന്‍ രാഹുല്‍ എത്തുമെന്ന് അറിഞ്ഞത് മുതൽ പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷയിലാണ്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി രാഹുല്‍ വയനാട് എത്തുന്നതോടെ പ്രവര്‍ത്തകരുടെ ആവേശം പാരമ്യത്തിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട് അടക്കമുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം അലയൊലികള്‍ ഉണ്ടാക്കി കഴിഞ്ഞു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ആവേശത്തിലെങ്കിലും അതീവ സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി ഗതാഗത നിയന്ത്രണമടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. താമരശേരി ചുരം റോഡിലടക്കം നഗരത്തിൽ വന്നു പോകുന്ന എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നു.
ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. കാണാനെത്തിയ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം കാരണം ഇരുവരെയും ടെര്‍മിനലിന് പുറത്തേക്ക് വിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സെക്യൂരിറ്റി ഗേറ്റ് വരെ വന്ന രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരെ കൈവീശി കാണിച്ച ശേഷം വിഐപി ഗേറ്റ് വഴി പുറത്തേക്ക് പോകുകയായിരുന്നു.
പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്നാണ് റോഡ് ഷോ. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിയുന്ന രാഹുല്‍ഗാന്ധി ഒന്‍പത് മണിയോടെ വയനാട്ടിലേക്ക് തിരിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗമാകും കല്‍പറ്റയിലേക്ക് പോകുക. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായിപ്രവര്‍ത്തകര്‍ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു.