ന്യൂദല്‍ഹി(www.mediavisionnews.in): വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യത്തെ ന്യായീകരിച്ചു കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണ ഇന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണം എന്ന ആവശ്യം ഉയരാന്‍ കാരണം നരേന്ദ്ര മോദി ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ചര്‍ച്ച സജീവമായ സാഹചര്യത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമര്‍ ഉജാല ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
നേതാക്കളുടേത് ശരിയായ ആവശ്യമെന്നും അതില്‍ തീരുമാനം എടുക്കുമെന്നും രാഹുല്‍ പറഞ്ഞു. ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയില്‍ സ്‌നേഹത്തിന്റെ പാതയുണ്ടായിരുന്നു, എന്നാല്‍ കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പി ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണെന്നും രാഹുല്‍ പറയുന്നു.
താന്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിയായി തുടരുമെന്നും പറയുന്ന രാഹുല്‍ അമേഠിയുമായി തനിക്ക് ബന്ധമുണ്ട്, എന്നാല്‍ അന്ധവിശ്വാസം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താതിരിക്കാനാണ് ചില പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വൈകുന്നത് സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. രാഹുലിനോട് സംസ്ഥാന നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ പറഞ്ഞത്.
ഇതോടെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ടി. സിദ്ദിഖ് പിന്മാറാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറവും ഇതുസംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന സന്ദേശം കോണ്‍ഗ്രസിനെ യു.പി.എ സഖ്യകക്ഷി നേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്‍.സി.പി നേതാവ് ശരദ് പവാറും ലോക്താന്ദ്രിക് ജനതാദളും രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വയനാട്ടില്‍ സി.പി.ഐയ്ക്കെതിരെ മത്സരിക്കുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്നും തെരഞ്ഞെടുപ്പിനുശേഷം ഇടതുകക്ഷികളുമായി കൈകോര്‍ക്കുന്നതിനു തടസമാകുമെന്നും ഇരുനേതാക്കളും ചൂണ്ടിക്കാട്ടിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.