കാസര്‍കോട്(www.mediavisionnews.in): നാട്ടുകാരനല്ലെങ്കിലും കാസര്‍ഗോട്ടുകാര്‍ക്ക് സുപരിചിതനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമുണ്ടായ പൊട്ടിത്തെറികളെ മറികടന്ന് മണ്ഡലത്തില്‍ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. ജനാധിപത്യ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
മകന്റെ നിലപാടുകളുടെ പേരില്‍ തന്നെ വിലയിരുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് എന്ത് ചെയ്യണം, ഏത് പാര്‍ട്ടിയില്‍ വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. മകന്റെ ബിജെപി അനുകൂല ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനെയാണ് ആക്രമിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നു. വാ കൊണ്ട് ആര്‍എസ്എസിനെ എതിര്‍ക്കുകയും രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുകയാണെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
കെവി തോമസിനോട് പാര്‍ട്ടി നീതി പുലര്‍ത്തി. അദ്ദേഹം ഉടന്‍ ഹൈബി ഈഡന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിപിഐഎം ആസൂത്രിതം ചെയ്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.