ന്യൂഡല്‍ഹി(www.mediavisionnews.in) : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ വയനാട് ഡിസിസിക്ക് എഐസിസിയുടെ നിര്‍ദേശം. തീരുമാനം വൈകുന്നതിനിടെ വിവരങ്ങള്‍ക്കായി വയനാട് ഡിസിസി നേതൃത്വം ഡല്‍ഹിയിലുളള മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന കാര്യത്തിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാഹുൽ വരണമെന്ന് മുഴുവൻ പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. ഒരു ദേശീയ നേതാവും ഇക്കാര്യം അപക്വമെന്ന് പറയില്ലെന്നും പി.സി.ചാക്കോയ്ക്ക് മറുപടി പറയാൻ താൻ ആളല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ നാലാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. ഇന്നും കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചില്ല. അമേഠിക്ക് പുറമേ രണ്ടാമതൊരു സീറ്റിൽ മത്സരിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനം നാളെയുണ്ടാകും.
അമേഠി രാഹുലിന്റെ കര്‍മ്മഭൂമിയാകുമെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ നിന്ന് കൂടി അദ്ദേഹം മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അത് കേരളത്തില്‍ നിന്നോ കര്‍ണാടകത്തില്‍ നിന്നോ എന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാനുള്ളത്. തമിഴ്‌നാട് ഘടകവും ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല. രാഹുല്‍ കര്‍ണാടകത്തില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു.
തീരുമാനം നീട്ടരുതെന്ന കേരള നേതാക്കള്‍ രാഹുലിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്ന് രാജസ്ഥാനില്‍ പ്രചാരണത്തിലാണ് രാഹുല്‍ വൈകിട്ട് മാത്രമേ അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തൂ. അതിന് ശേഷം നാളെ രാവിലെയോട് കൂടി തീരുമാനമുണ്ടാകുകയും കേന്ദ്ര തെരഞ്ഞടുപ്പ് സമിതി അത് പ്രഖ്യാപിക്കുകയും ചെയ്യും.
വയനാട് സീറ്റില്‍ തന്നെ രാഹുല്‍ മത്സരിക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴുള്ളത്. തീരുമാനം വൈകുന്നത് പ്രചരണത്തെ ബാധിക്കുമെന്ന ആശങ്കയും അവര്‍ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. വടകരയിലാകട്ടെ കെ.മുരളീധരന്‍ പ്രചാരണരംഗത്ത് സജീവമായി മുന്നേറുന്നുണ്ട്.