ചുട്ട് പൊള്ളി കേരളം; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്

0
216

തിരുവനന്തപുരം/കണ്ണൂർ(www.mediavisionnews.in): സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം പാറശാലയിലും  കണ്ണൂർ വെള്ളോറയിലും രണ്ട് പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസർകോട്ട് കുമ്പളയിൽ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർഎസ്‍പി നേതാവിനും സൂര്യാഘാതമേറ്റു. 

കണ്ണൂർ വെള്ളോറയിലാണ് വൃദ്ധനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാടൻ വീട്ടിൽ നാരായണൻ എന്ന അറുപത്തിയേഴുകാരനെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റപാടുകളുണ്ട്. ശരീരത്തിൽ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് മൃതദേഹം. സൂര്യാഘാതമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. 

തിരുവനന്തപുരത്ത് പാറശ്ശാലയില്‍ ഒരാള്‍ കുഴ‍ഞ്ഞു വീണു മരിച്ചതും സൂര്യാഘാതം കാരണമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. 

അബോധാവസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ ഉടനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ. വയലില്‍ പണിയെടുക്കുകയായിരുന്നു കരുണാകരനെന്നും ഇതിനിടയില്‍ സൂര്യാഘാതമേറ്റതാവാം എന്നുമാണ് സംശയിക്കുന്നത്. 

ഇതിന് പുറമേ കേരളത്തിൽ മറ്റ് രണ്ട് ജില്ലകളിൽ നിന്നും സൂര്യാഘാതം റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കൊല്ലം പുനലൂരിൽ വച്ച് ആർഎസ്‍പി മണ്ഡലം സെക്രട്ടറി നാസർ ഖാന് സൂര്യാഘാതമേറ്റത്. കാസർകോട്ട് മൂന്ന് വയസുകാരിയായ കുമ്പള സ്വദേശി മൂന്ന് വയസുകാരി മർവ്വക്കും ഇന്ന് സൂര്യാഘാതമേറ്റു.

ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള മുന്നറിയിപ്പ് ഇതിനോടകം കാലാവസ്ഥാനിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ താപനില രണ്ട് ഡിഗ്രീ മുതല്‍ നാല് ഡിഗ്രീ വരെ വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

ഉഷ്ണതരംഗത്തിന് സാധ്യതയുളളതിനാല്‍ 11മണി മുതല്‍ 3മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നൽകി. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക,തൊഴില്‍ സമയം പുനക്രമീകരിക്കുക തുടങ്ങിയ മുന്‍കരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here