എ.ടി.എം തട്ടിപ്പിലൂടെ നഷ്‌ടമായ പണം ബാങ്ക് നൽകണം: ഹൈക്കോടതി

0
205

കൊച്ചി(www.mediavisionnews.in): ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപ്പെട്ട പണം തിരികെ നല്‍കാനുളള ഉത്തരവാദിത്വം ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. കേരളത്തിന്‍റെ പലഭാഗത്തും എ ടി എം തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. കോട്ടയം  സ്വദേശിയായ പി.വി ജോർജ് ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.

വിദേശത്ത് ജോലി നോക്കുന്ന  ജോര്‍ജിന് സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും 2.40 ലക്ഷം രൂപയാണ് എടിഎം തട്ടിപ്പ് വഴി നഷ്ടമായത്. തനിക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കണം എന്ന വാദവുമായി തുടക്കത്തില്‍ മുന്‍സിഫ് കോടതിയെ ജോര്‍ജ് സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. എന്നാല്‍, ജില്ലാ കോടതി അദ്ദേഹത്തിന് അനുകൂലമായ ഉത്തരവിട്ടു. തുടര്‍ന്ന് ജില്ലാ കോടതി ഉത്തരവിനെതിരെ ബാങ്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബാങ്ക് നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി ജോര്‍ജിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട ആള്‍ക്ക് തുക തിരികെ നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ബാങ്കിന്  കഴിയില്ലെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.

എടിഎമ്മിന്‍റെ പിന്‍ നമ്പര്‍ ഉടമയ്ക്ക് മാത്രമേ അറിയൂ എന്നും പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ജോര്‍ജിന് എസ്.എം.എസ് സന്ദേശം നല്‍കിയിരുന്നെന്നും ബാങ്ക് ഹൈക്കോടതിയില്‍ വാദിച്ചു. പിന്‍ നമ്പര്‍ കാര്‍ഡ് ഉടമയ്ക്ക് മാത്രമായിരുന്നു അറിയാമായിരുന്നത്, അതിനാല്‍ അദ്ദേഹത്തിന്‍റെ അറിവില്ലാതെ മറ്റാര്‍ക്കും പണം എടുക്കാന്‍ കഴിയില്ലെന്ന വാദമാണ് ബാങ്ക് മുന്നോട്ട് വെച്ചത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ബാങ്ക് വാദിച്ചു.

തട്ടിപ്പുകാരന്‍ അനധികൃതമായാണ് പണം പിന്‍വലിച്ചതെന്നും, അതിനാല്‍ നഷ്ടം നികത്തേണ്ട ചുമതല ബാങ്കിന് ഉണ്ടെന്നും ഹൈക്കോടതി പറ‌‌ഞ്ഞു. അന്തര്‍ദേശീയ തട്ടിപ്പ് സംഘമാണ് കുറ്റകൃത്യത്തില്‍ പങ്കാളിയായതെന്നും ബാങ്ക് ഹൈക്കോടതിയെ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here