വടകര(www.mediavisionnews.in) : കെ. മുരളീധരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി ഇക്കാര്യം സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.
വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് കോണ്‍ഗ്രസിലെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. മണ്ഡലത്തിലെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വടകരയില്‍ മൂന്നാം തവണയും മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചുനിന്നതോടെയാണ് കോണ്‍ഗ്രസ് പ്രതിരോധത്തിലായത്.
ടി. സിദ്ദിഖ്, സതീശന്‍ പാച്ചേനി, അഡ്വ. പ്രവീണ്‍കുമാര്‍ എന്നിവരുടെ പേര് വടകരയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ മുല്ലപ്പള്ളി നില്‍ക്കുന്നില്ലെങ്കില്‍ അത്രത്തോളം ശക്തനായ സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് കെ. മുരളീധരനുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയത്.
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനാണ് വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചതുമുതല്‍ ജയരാജന്‍ മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ആര്‍.എം.പിയുടെ സ്വാധീനം വടകരയില്‍ നിര്‍ണായകമാണ്. ഇവിടെ പി. ജയരാജനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന നിലപാടാണ് ആര്‍.എം.പി സ്വീകരിച്ചത്. നേരത്തെ കെ.കെ രമ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കില്ലെന്നും യു.ഡി.എഫിനു പിന്തുണ നല്‍കുമെന്നും ആര്‍.എം.പി നിലപാടെടുക്കുകയായിരുന്നു.