ന്യൂദല്‍ഹി(www.mediavisionnews.in) : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദല്‍ഹിയിലെ മുസ്‌ലിം പള്ളികളില്‍, പ്രത്യേകിച്ച് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ പള്ളികളില്‍ പ്രത്യേക നിരീക്ഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ദല്‍ഹി ബി.ജെ.പിയുടെ കത്ത്.
‘രാഷ്ട്രീയ നേതാക്കളും മത പണ്ഡിതന്മാരും തെരഞ്ഞെടുപ്പ് സമയത്ത് മതദ്രുവീകരണത്തിലേക്ക് നയിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ പ്രസ്താവനകള്‍ നടത്തുന്നില്ലെന്നും, മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്നില്ലെന്നും ഉറപ്പ് വരുത്താനുമായി പ്രത്യേക നിരീക്ഷകരെ മുസ് ലിം പള്ളികളിലും, പ്രത്യേകിച്ച് മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും നിയമിക്കണം’- കത്തില്‍ പറയുന്നു.
അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ മതദ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് തങ്ങള്‍ക്ക് ഈ കത്ത് എഴുതേണ്ടി വന്നതെന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് റമസാന്‍ മാസത്തിലാണെന്നും അത് മുസ്‌ലിം വോട്ടര്‍മാരെ മനപ്പൂര്‍വം തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താനാണെന്നും ആം ആദ്മി നേതാവ് അമാനത്തുള്ള ഖാന്‍ പറഞ്ഞതായും, ഇത് മതദ്രുവീകരണം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണെന്നും കത്തില്‍ പറയുന്നു.
കെജ്‌രിവാള്‍ തന്റെ വിദ്വേഷ പ്രസംഗങ്ങളിലൂടെ മുസ് ലിം വോട്ടുകള്‍ നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നും, വെള്ളിയാഴ്ചയും മറ്റും പള്ളികളില്‍ കൂട്ടമായെത്തുന്ന നിഷ്‌കളങ്കരായ ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റദ്ധരിപ്പിക്കുന്നതുമായി കത്തില്‍ പറയുന്നു.
റമസാന്‍ മാസം പ്രമാണിച്ച് മുസ് ലിംങ്ങള്‍ക്കിടയില്‍ ശക്തമായ രാഷ്ട്രീയ, മതപര പ്രകോപനങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ കൂടെ കണക്കിലെടുക്കണമെന്ന് ബി.ജെ.പി കത്തില്‍ ആവശ്യപ്പെടുന്നു. പവിത്രമായ പള്ളികളിലെ കര്‍ട്ടനു പിന്നില്‍ വെച്ച് നടക്കുന്നതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുറം ലോകം അറിയാതെ പോവുകയാണെന്നും കത്തില്‍ പറയുന്നു.