വെല്ലിംഗ്ടണ്‍ (www.mediavisionnews.in): ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ എത്തിയത് ഹിജാബ് ധരിച്ച്.
കൊലപാതകത്തിനും തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനുമാണ് വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രെന്റണ്‍ ടാരന്റനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കളെ കണ്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വെടിവെയപ് നടന്ന് 24-ാം മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജസീന്ത വാര്‍ത്താസമ്മേളനം നടത്തിയത്.
തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും ജസീന്ത പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ തുടങ്ങിയവയുമായാണ് ഇയാള്‍ 49 പേരെ കൊലപ്പെടുത്തിയത്. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.
ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് വെടിവെയ്പ്പ് നടത്തിയത്.