കാസര്‍ഗോഡ്(www.mediavisionnews.in): ജില്ലയില്‍ അന്തരീക്ഷ താപം ഉയര്‍ന്നേക്കാവുന്ന സാഹചര്യത്തില്‍ സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു. ഇതിനെത്തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാകുന്നു. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാതപം എന്ന് പറയുന്നത്.
വെയില് നേരിട്ട് ഏല്ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം , കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാങ്ങളില് സൂര്യാതാപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപ്പൊള്ളല്‍ ഏല്ക്കുമ്ബോള് ഉണ്ടാകുന്നതു പോലെയുള്ളള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടായാല്‍ ഡോക്ടറെ സമീപിച്ച് ചികിത്സ എടുക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ വെയിലത്തുനിന്നു മാറി നില്‍ക്കണം. തണുത്ത വെള്ളംകൊണ്ട് ശരീരം തുടക്കണം, കൈകാലുകളും മുഖവും കഴുകണം. ധാരാളം വെള്ളം കുടിക്കുക, കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞവസ്ത്രങ്ങള്‍ ധരിക്കുക, ചൂട് കുടുതല്‍ ഉള്ള അവസരങ്ങളില്‍ കഴിവതും വെയിലത്ത് ഇറങ്ങാതിരിക്കുക, കുട ചൂടുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകാതിരിക്കാനും ശ്രദ്ധിക്കണം.